Skip to main content

ഡ്യുവല്‍ കോട്ടേജുമായി പത്തനംതിട്ട വില്ലേജ് ഓഫീസ്

ഡ്യുവല്‍ കോട്ടേജുമായി പത്തനംതിട്ടയില്‍ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് മികച്ച രീതിയിലേക്ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പരിമിത സാഹചര്യത്തില്‍ നിന്നും മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. റവന്യൂ മന്ത്രിയോടും റവന്യൂ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നെന്നും എം.എല്‍.എ പറഞ്ഞു.

ഇരുനില കെട്ടിടത്തില്‍ 54 ലക്ഷം രൂപ ചെലവഴിച്ചാണു പത്തനംതിട്ട പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സും താഴത്തെ നിലയില്‍ ഓഫീസുമായാണു സജ്ജീകരിച്ചിട്ടുള്ളത്. ഒരു മുറി വില്ലേജ് ഓഫീസറിനും മറ്റൊന്ന് ഉദ്യോഗസ്ഥര്‍ക്കും ഒരു ടോയ്‌ലറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫയലുകള്‍ അടുക്കി വയ്ക്കുന്നതിനായി പ്രത്യേക റാക്കുകളും തയ്യാറാണ്. പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 

കളക്ടറേറ്റ് പ്രവേശന കവാടത്തിന്റെ വലതുഭാഗത്തുള്ള ജന സേവന കേന്ദ്രത്തിന്റെ പിന്നിലാണു പുതിയ വില്ലേജ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.  കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ച് പുതിയ കെട്ടിടത്തിലെ വില്ലേജ് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനും സാധിക്കും. 

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, വില്ലേജ് ഓഫീസര്‍ എസ്.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date