Skip to main content

'മാസ്‌ക്കിനൊപ്പം മനസും'... കോവിഡ് ജാഗ്രത ഗാനവുമായി  പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജനങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. 'മാസ്‌കിനൊപ്പം മനസും' എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം ചെയ്തു നിര്‍വഹിച്ചു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പിയാണ് ഗാനത്തിന്റെ രചയിതാവ്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.ആര്‍ ജയശങ്കര്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ടി.ബിനോയിയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംങ് വിഭാഗം ഓവര്‍സിയര്‍ പി.വി പ്രതീഷ് കുമാറും ജയശങ്കറിന്റെ 11 വയസുള്ള മകള്‍ ജയലക്ഷ്മി ജയശങ്കറും ചേര്‍ന്നാണ്. 

കൂട്ടായ്മയുടെ ഈ പാട്ടിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്റയും കമ്മിറ്റി അംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.

നല്ല നാളേയ്ക്കുവേണ്ടി ഭയമല്ല നമുക്ക് വേണ്ടത് ജാഗ്രതയോടുള്ള സമീപനമാണെന്നും, വീഴ്ച വന്നാല്‍ ജീവന്‍ പോലും നഷ്ടമാകുമെന്നും തുല്യമായി അകലം പാലിക്കുമ്പോഴും മനസ്സുകൊണ്ട് നാം ഒന്നായ് തീരണമെന്നുമാണ് ഗാനത്തിലൂടെ നല്‍കുന്ന സന്ദേശമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ഷാജി എ തമ്പി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് റ്റി.ബിനോയി, സനല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date