Skip to main content

എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് കർശനസുരക്ഷയോടെ തുടക്കം

രണ്ടു മാസത്തെ കാത്തിരിപ്പിനുശേഷം എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് കർശനസുരക്ഷയോടെ തുടക്കം. മാസ്‌ക് ധരിച്ച് പരീക്ഷാഹാളുകളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശിപ്പിച്ചത്. വി.എച്ച്.സി.ഇ വിദ്യാർത്ഥികൾക്ക് രാവിലെയും എസ് എസ് എൽ സിക്കാർക്ക് ഉച്ചയ്ക്ക് ശേഷവുമായിരുന്നു പരീക്ഷകൾ. എസ്എസ്എൽസി കണക്ക് പരീക്ഷയാണ് ചൊവ്വാഴ്ച നടന്നത്. ബുധനാഴ്ച ഫിസിക്‌സും വ്യാഴാഴ്ച കെമിസ്ട്രിയുമാണ് പരീക്ഷ.
വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.45നും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.30 നുമാണ് ആരംഭിച്ചത്. രണ്ട് പരീക്ഷകൾക്കും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. സ്‌കൂളിന്റെ പ്രവേശനകവാടത്തിൽ ഹാന്റ് വാഷും സാനിറ്റൈസറുമായി അധ്യാപകരും പിടിഎ അംഗങ്ങളും കാത്തുനിന്നു. അധികൃതർക്ക് പുറമേ പല സന്നദ്ധ സംഘടനകളും വിദ്യാർത്ഥികൾക്ക് മാസ്‌കും സാനിറ്റൈസറും ഗ്ലൗസുമടക്കമുള്ള ഉപകരണങ്ങൾ പല വിദ്യാലയങ്ങളിലും വിതരണം ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച ലഘുലേഖകളും പ്രവേശന കവാടത്തിൽ പതിപ്പിച്ചിരുന്നു. കൈകൾ കഴുകിയതിനുശേഷം തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ചായിരുന്നു പരീക്ഷയെഴുത്ത്. ഗ്ലൗസുകൾ അണിഞ്ഞെത്തിയ അധ്യാപകർ ഒരിക്കൽ കൂടി സാനിറ്റൈസർ ഉപയോഗിച്ച് കുട്ടികളുടെ കൈകൾ ശുചീകരിച്ചു. ശേഷം പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ചോദ്യപേപ്പർ നൽകി. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ (ഫേസിങ് ഷീറ്റ്) ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർ ഒപ്പ് വെച്ചില്ല. പരമാവധി സമ്പർക്കം കുറയ്ക്കുക എന്ന നിർദ്ദേശത്തെ തുടർന്നാണിത്. രക്ഷിതാക്കൾ സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കുന്നതിനും കുട്ടികൾ കൂട്ടം കൂടുന്നതിനും പഠനസാമഗ്രികൾ പരസ്പരം കൈമാറുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം പരീക്ഷ എഴുതാൻ കഴിയുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് വിദ്യാർത്ഥികൾ.

date