Skip to main content

ജില്ലയില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും: ശില്പശാല 27-ന്.

        ജില്ലയെ സമ്പുര്‍ണ്ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന്  നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 27ന്  മലപ്പുറം  പ്രശാന്തി  ഓഡിറ്റോറിയത്തില്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കും  ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ക്കുമുള്ള ശില്പശാല നടക്കും. ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ്  നടന്നു വരികയാണന്ന് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ്. മേനോന്‍, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ അബ്ദുനാസര്‍ എന്നിവര്‍ പറഞ്ഞു. ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍  സംവിധാനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്.
          ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും കേന്ദ്ര-ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും  നേതൃത്വത്തില്‍ അക്ഷയ, ലീഡ് ബാങ്ക്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ  നടക്കുന്ന  ഡിജിറ്റല്‍  യജ്ഞത്തിന്റെ ഭാഗമായാണ്  സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനുള്ള  പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയത്.
       ഡിജിറ്റല്‍ സാക്ഷരത പരിശീലനം, ബോധവല്‍ക്കരണം,  ഐ.ടി. സപ്പോര്‍ട്ടിംഗ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐ.ടി. ഡെവലപ്‌മെന്റ്, സൈബര്‍ സുരക്ഷ  സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത,  ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം.
      ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത് . ഹാളില്‍ നടക്കുന്ന ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ  അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍  മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍,   അക്ഷയ ജില്ലാ കോഡിനേറ്റര്‍   തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍  വികാസ്പീഡിയ, ആധാര്‍,  അക്ഷയ സേവനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍,   സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍,  റെലിസ്, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത എന്നിവയെ കുറിച്ച്    ക്ലാസ്സുകള്‍ ഉണ്ടാകും. വൈകുന്നേരം  പൊതുചര്‍ച്ചയും നടക്കും.
        വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വിദഗ്ധരും പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍  മുന്‍കൂട്ടി പേര് രജിസ്റ്റര്‍  ചെയ്യണം.

date