Skip to main content

ജനസേവന കേന്ദ്രങ്ങളുടെ അനുമതി:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം

ജനസേവന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശീറാം സാംബശിവ റാവു അറിയിച്ചു. അംഗീകൃത അക്ഷയ കേന്ദ്രങ്ങളല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ ഐടി മിഷന്റെയോ നിയന്ത്രണങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുവാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ തമ്മില്‍ രണ്ട് കിലോമീറ്റര്‍ ദൂരപരിധി പാലിച്ച് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.

എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സമാന സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായതിനാല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.                                   

(പിഎന്‍പി 3007/17)

date