Skip to main content

സുഭിക്ഷ കേരളം: പത്ത് ഏക്കര്‍ ഭൂമി തരിശ് രഹിതമാക്കാന്‍ ഒരുങ്ങി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിയിലൂടെ പത്തേക്കര്‍ ഭൂമി തരിശ് രഹിതമാക്കാന്‍ ഒരുങ്ങി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ നിര്‍വഹിച്ചു.  കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം.
കോട്ടുക്കല്‍ കൃഷി ഫാമിനോട് ചേര്‍ന്നുള്ള സ്‌പോര്‍ട്‌സ് അക്കാദമിയുടെ 10 ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്,  ഇട്ടിവ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. കൃഷിയില്‍ നിന്നും ലഭിക്കുന്ന പച്ചക്കറി സഹകരണസംഘങ്ങള്‍ വഴി വിതരണം ചെയ്യും. പാവല്‍,  വഴുതന, പയര്‍, മത്തന്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
ചടങ്ങില്‍ എന്‍ ആര്‍ ഇ ജി എസ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എസ് രാജേന്ദ്രന്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാ ദേവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1511/2020)
 

date