മരടിലെ കുടിവെള്ള പ്രശ്നം ഇന്നു തന്നെ പരിഹരിക്കും
എറണാകുളം: മരട് നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കളക്ടര്‍ എസ് സുഹാസ് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി. രാത്രി പത്ത് മണിയോടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പുലര്‍ച്ചെ ഒരു മണിയോടു കൂടി പണി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് എംമ.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭാ പ്രതിനിധികളും കളക്ടറെ സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എയുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നം ഇന്നു തന്നെ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരക്കേറിയ കുണ്ടന്നൂര്‍ പാലത്തിന് സമീപം ജല വിതരണ പൈപ്പില്‍ വന്ന തകരാര്‍മൂലമാണ് മരട് മേഖലയില്‍ കുടിവെള്ളം മുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റെ സഹായവും ഉറപ്പാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഒരാഴ്ചയോളമായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്.
- Log in to post comments