ദേശീയ പാത വികസനത്തിനായി മിഷന്‍ ഹൈവെയുമായി കളക്ടര്‍
എറണാകുളം - ഏറെക്കാലമായി നീണ്ടുപോകുന്ന മൂത്തകുന്നം - ഇടപ്പള്ളി ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ ഹൈവെ കര്‍മ്മപദ്ധതിയുമായി ജില്ലാ കളക്ടര്‍ എസ്. സുഹാസ്. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഇന്നലെ (ചൊവ്വ) കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കളക്ടര്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന പദ്ധതി നിശ്ചയ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് മിഷന്‍ ഹൈവെയുടെ ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു.
നിലവില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള 23.250 കിലോമീറ്റര്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി 45 മീറ്റര്‍ ആയി വീതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി 38.5219 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സര്‍വെ നടപടികള്‍ ജൂലൈ 25നകം പൂര്‍ത്തീകരിക്കും. ഇതിന്‍റെ ഭാഗമായി അലൈന്‍മെന്‍റിന് അനുസരിച്ച് കല്ലു നാട്ടുന്ന ജോലി ജൂണ്‍ എട്ടിന് ആരംഭിക്കും. 25നകം കല്ലുനാട്ടല്‍ പൂര്‍ത്തിയാകും. മറ്റ് നടപടികളും പൂര്‍ത്തിയാക്കി നവംബര്‍ 30നകം സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഒക്ടോബര്‍ പത്തിനകം ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുകയോ കോടതിയില്‍ തുക കെട്ടിവയ്ക്കുകയോ ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി.
സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ അജയൻ, ഡെപ്യൂട്ടി കളക്ടർ (എൽ. എ ) എം. വി സുരേഷ്കുമാർ, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments