Skip to main content

പ്രധാന നദികളിലെ തടസങ്ങള്‍ നീക്കുന്നതിനായി ഊര്‍ജ്ജിത ശ്രമം

എറണാകുളം: നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ഡി.എല്‍.ഇ.സി യോഗം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ പെരിയാര്‍, മൂവാറ്റുപുഴ നദികളിലെ ഒഴുക്കിന് തടസമാകുന്ന ചെളിയും മറ്റ് തടസങ്ങളും നീക്കുന്നതിനായി വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് തയ്യാറാക്കി പാരിസ്ഥിതിക അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.നിലവില്‍ പ്രധാനനദികളില്‍ ഏതെങ്കിലും പ്രവൃത്തികള്‍ നടത്തുന്നതിനായി  കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതിനായി വിദഗ്ദ്ധസംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് പാരിസ്ഥിതിക അനുമതി നേടണം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി. 
    പിറവംനഗരസഭ മണല്‍ഖനന കരാറില്‍ ഏര്‍പ്പെട്ടത്  ശ്രദ്ധയില്‍പ്പെട്ടതായും ഇതില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  മണല്‍ ഖനനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടര്‍, മേജര്‍, മൈനര്‍ ഇറിഗേഷന്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍, ഡി.എല്‍.ഇ.സി അംഗങ്ങള്‍ എന്നിവര്‍ പിറവത്ത് നേരിട്ടെത്തി നിജസ്ഥിതി വിലയിരുത്തും. പ്രളയത്തെത്തുടര്‍ന്ന് ജലാശയങ്ങളില്‍ അടിഞ്ഞ് കൂടിയ ചെളിയും മറ്റും നീക്കം ചെയ്യുന്നതിനായി നല്‍കിയ മൂന്ന് ഉത്തരവുകളിലും മണല്‍ ഖനനം പാടില്ലെന്ന് വ്യക്തമാക്കുന്നതായി  ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ കെ. ടി സന്ധ്യാദേവി ചൂണ്ടിക്കാട്ടി. 
    പ്രധാന തോടുകളില്‍നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നും ചെളിയും മറ്റും നീക്കം ചെയ്യുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുന്നേ ഉത്തരവ് നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ കൊടുക്കാന്‍ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ.എന്‍ സുഗതന്‍, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, മറ്റ് ഡി.എല്‍.ഇ.സി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date