Skip to main content

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എസ്.സി/എസ്.ടി സ്‌പെഷല്‍ പ്ലാനില്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി അനുവദിച്ച തുക ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് ഉപയോഗിക്കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  (എസ്.സി, എസ്.ടി ഒഴിച്ചുള്ള ബാക്കി എല്ലാ വിഭാഗക്കാര്‍ക്കും)  ഓണ്‍ലൈന്‍ പഠന ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 % സബ്‌സിഡി കഴിച്ച് ബാക്കിയുള്ള 25% തുക 25 മാസതവണ വ്യവസ്ഥയില്‍ തിരിച്ചടക്കാവുന്ന തരത്തിലുള്ള ലോണ്‍ സൗകര്യം  പിന്നോക്ക/ മുന്നോക്ക വികസന കോര്‍പ്പറേഷന്‍/കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍  മുഖേന ലഭ്യമാക്കും. 

നെഹ്‌റു യുവകേന്ദ്രയുടെയും യൂത്ത് വെല്‍ഫെയറിന്റെയും കീഴില്‍ വരുന്ന 2000 ത്തോളം ക്ലബുകള്‍ക്ക് വാര്‍ഡ് അടിസ്ഥാനത്തില്‍ ഉത്തരവാദിത്വം എല്‍പ്പിക്കുന്നതാണ്. ടി.വി ഇല്ലാത്ത ക്ലബുകള്‍ക്ക് ഉടന്‍ തന്നെ ടെലിവിഷന്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും. ടെലിവിഷന്‍ ഉള്ള ക്ലബുകളില്‍ മൂന്നോ നാലോ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സൗകര്യം ഒരുക്കും.  5 മുതല്‍ 12 വരെയുളള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റൊക്കോര്‍ഡ് ചെയ്ത് ഓരോ ക്ലാ സിനും സമയം നിശ്ചയിച്ച് ക്ലബ്ബുകള്‍ വഴി ക്ലാസ്സ് കാണാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കും.  1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ക്കായുള്ള സൗകര്യം പിന്നീട് ഒരുക്കും.  

അക്ഷയ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഒരു കാമ്പയിന്‍ 'വി ടൂ' (ണല ഠീീ) എന്ന പേരില്‍ രണ്ട്  ടെലിവിഷന്‍/സ്മാര്‍ട്ട് ഫോണുകള്‍/ലാപ്‌ടോപ് ഉള്ളവര്‍ അധികമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയയ്ക്ക് സഹായിക്കുന്ന കാമ്പെയിന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ആരംഭിക്കും.   ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്  മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യും.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി, ഡി.ഡി.പി റജി കുമാര്‍, വിനോദ് കുമാര്‍ കെ.കെ, എ.ഇ.ഒ ചിറ്റാരിക്കല്‍, യതീഷ്‌കുമര്‍ റായ് കെ, എ.ഇ.ഒ കുമ്പള, ദിനേശാ വി, എ.ഇ.ഒ മഞ്ചേശ്വരം, അഗസ്റ്റ്യന്‍ ബര്‍ണാഡ്, എ.ഇ.ഒ കാസറഗോഡ്, ഷെമീന എം, ഡി.ടി.ഒ (ഇന്‍ ചാര്‍ജ്ജ്), പ്രശാന്ത് എം.ടി (ആര്‍.എ.എസ്.സി ഓഫീസ്) അജിഷ എന്‍.എസ് (ഡി.പി.എം, കെ.എസ്.ഐ.ടി.എം അക്ഷയ) പ്രസിത കെ (ഡി.വൈ.പി.ഒ കാസറഗോഡ്) എന്നിവര്‍ പങ്കെടുത്തു

date