ഒരു കോടിയുടെ സുഭിക്ഷ പദ്ധതിയുമായി വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലാണ് ഏറ്റവുമധികം തുക ചെലവഴിക്കുന്നത്. 56 ലക്ഷം. പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന ക്ഷീരകർഷകർക്ക് വലിയ ആശ്വാസമേകാൻ ഇത് വഴിവെയ്ക്കും. ബാക്കി വരുന്ന 46 ലക്ഷം മറ്റ് കാർഷികമേഖലയിൽ ഉൾപ്പെട്ട പദ്ധതികൾക്കായി നീക്കി വെച്ചിരിക്കുന്നു. ഗ്രാമ പഞ്ചായത്ത് പദ്ധതിവിഹിതം, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം, വിവിധ വകുപ്പുകളുടെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലും വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കും.
- Log in to post comments