നാഷണൽ ട്രസ്റ്റ് അദാലത്ത് ജൂലൈ ആദ്യ വാരം
ആലപ്പുഴ : ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഭിന്നശേഷി എന്നിവ ബാധിച്ച കുട്ടികൾക്ക് സംരക്ഷണം ഏർപ്പെടുത്തുക, ഇവരുടെ സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് നാഷണൽ ട്രസ്റ്റ് ആക്ടനുസരിച്ചുളള അദാലത്ത് ജൂലായ് ആദ്യവാരം നടക്കും. നാഷണൽ ട്രസ്റ്റ് ആക്ട് ലോക്കൽ ബോഡി അംഗങ്ങൾ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് അദാലത്ത് നടത്താൻ തീരുമാനമായത്. കോവിഡ് പശ്ചാത്തലത്തിൽ അദാലത്തുകൾ മുടങ്ങിയിരിക്കുകയായിരുന്നു. ആഴ്ച്ചയിൽ ഒരു അദാലത്ത് വീതം നടത്താനാണ് തീരുമാനിച്ചത്. ആഴ്ചയിൽ അഞ്ചു വീതം മാസം 20 കേസുകളായിരിക്കും അദാലത്തുകളിൽ പരിഗണിക്കുക. വസ്തു, സ്വത്ത് സംബന്ധമായ കേസുകളാണ് ഉടൻ പരിഗണിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനം നിലച്ചതോടെ ഭിന്ന ശേഷിക്കാരുടെ മാതാപിതാക്കൾക്ക് ഇവരെ പരിചരിക്കാൻ ആളില്ലാത്തത് മൂലം, ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെയും, കോവിഡ് പശ്ചാത്തലത്തിൽ സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ മുടങ്ങിയവരെയും തെരഞ്ഞെടുത്ത് പരിഹാരം കാണാനും യോഗത്തിൽ തീരുമാനമായി.
ജില്ല കളക്ടർ എ. അലക്സാണ്ടർ, ജില്ല സോഷ്യൽ വെൽഫെയർ ഓഫീസർ സാദിഖ്, ജില്ല രജിസ്ട്രാർ സാം ജോസഫ്, ഐ. സി. ഡി. എസ് പ്രോഗ്രാം ഓഫീസർ ലേഖ,ഡോ. മോഹൻ ദാസ്, നാഷണൽ ട്രസ്റ്റ് കൺവീനർ ടി. ടി രാജപ്പൻ, അഡ്വ. ലില്ലി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments