Skip to main content

തിരുവല്ല നിയോജകമണ്ഡലത്തിലെ പാലം പണികള്‍ വിലയിരുത്തി

 

തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ  വിവിധ പാലങ്ങളുടെ നിര്‍മാണ പുരോഗതി  അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 

ഉപദേശിക്കടവ് പാലം

സര്‍ക്കാരില്‍ നിന്നും 23.73 കോടി രൂപായ്ക്ക് ഭരണാനുമതി ലഭിച്ച ഉപദേശിക്കടവ് പാലത്തിന്റെ വിശദമായ സാങ്കേതിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ലഭ്യമായിട്ടുണ്ടെന്നും, ഇത് പരിശോധിച്ച് ഉടന്‍ സാങ്കേതിക അനുമതി നല്‍കുമെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

പാറക്കടവ് പാലം  

പാറക്കടവ് പാലത്തിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആദ്യ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തിരുന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിച്ചതായും  സമര്‍പ്പിക്കപ്പെട്ട ടെന്‍ഡറുകളുടെ പ്രീക്വാളിഫിക്കേഷന്‍ പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ ടെന്‍ഡര്‍ തുറക്കാമെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. സമീപന പാതയ്ക്കുള്ള സ്ഥലം മുന്‍കൂറായി വിട്ടു നല്‍കാന്‍ തയാറാകാത്തതാണ് പ്രശ്നമെന്ന് യോഗം വിലയിരുത്തി. സ്ഥലം നിയമ നടപടികളിലൂടെ ഏറ്റെടുക്കാനും, മറുകരയില്‍ നിന്നും പണികള്‍ ആരംഭിക്കാന്‍ തടസമില്ലെന്നും എംഎല്‍എ നിര്‍ദേശിച്ചു. സ്ഥലമേറ്റെടുക്കാന്‍ നിയമാനുസൃതം നടത്തേണ്ട സാമൂഹിക ആഘാത പഠനം നടന്നു വരികയാണെന്ന് അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു.

കാവനാല്‍ക്കടവ് പാലം 

പണികള്‍ പൂര്‍ത്തിയാക്കിയ കാവനാല്‍ക്കടവ് പാലത്തിന്റെ  ഔപചാരികമായ ഉദ്ഘാടനം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ക്രമീകരിക്കാന്‍ തീരുമാനിച്ചു.

പനച്ചിമൂട്ടില്‍ കടവ്, ഓട്ടാഫീസ് കടവ് പാലങ്ങള്‍ 

പനച്ചിമൂട്ടില്‍ കടവ്, ഓട്ടാഫീസ് കടവ് പാലങ്ങളുടെ ഉദ്ഘാടനങ്ങള്‍ ഒക്ടോബറിനു  മുമ്പ് നടത്തുന്നതിനും പണികള്‍ വേഗം പൂര്‍ത്തിയാക്കുന്നതിനും  നിര്‍ദേശിച്ചു. പനച്ചിമൂട്ടില്‍ കടവു പാലത്തിന്റെ സമീപന റോഡിന്റെ ടാറിംഗ് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. ഓട്ടാഫീസ് കടവു പാലത്തിന്റെ സമീപന പാതയ്ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26 ലക്ഷം രൂപയുടെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു.

വലിയമ്പലം തെക്കേനട പാലം 

2020 - 21 ബജറ്റില്‍ 20 ശതമാനം തുക വക കൊള്ളിച്ചിട്ടുള്ള വലിയമ്പലം തെക്കേനട പാലം നിര്‍മാണ പദ്ധതി രേഖ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതായി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

അട്ടക്കുളം പാലം

അട്ടക്കുളം പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയാറായിട്ടുള്ളതായും ഭരണാനുമതിയ്ക്കായുള്ള തുടര്‍നടപടികള്‍ക്ക് ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിച്ചിട്ടുള്ളതായും അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 20 ശതമാനം അധികം തുക  ബജറ്റില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതിനാല്‍ പണികള്‍ ഭരണാനുമതി ലഭ്യമാക്കി തുടരാനാവുമെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

കോതേക്കാട്ട് പാലം

ബജറ്റ് തുക 20 ശതമാനം ഉള്ള കോതേക്കാട്ട് പാലം നിര്‍മാണത്തിന്റെ പര്യവേഷണം ഉടന്‍ തന്നെ ആരംഭിക്കുന്നതിന് ഭരണാനുമതിക്കായി സമര്‍പ്പിച്ചതായി അറിയിച്ചു.

ഗണപതിപുരം പാലം

ഗണപതിപുരം പാലത്തിന്റെ മണ്ണു പരിശോധന പൂര്‍ത്തിയാക്കി ഡിസൈനു വേണ്ടി സമര്‍പ്പിച്ചതായി യോഗത്തില്‍ അറിയിച്ചു. 

ചീഫ് എന്‍ജിനീയര്‍ എസ്. മനോമോഹന്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി. ആര്‍. മഞ്ജുഷ,  എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. എ. സിനി, പാലം ഡിസൈന്‍ യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. സാജു, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ്, അസി. എന്‍ജിനീയര്‍ രൂപക്ക് ജോണ്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

                                                 (പിഎന്‍പി 2568/20)

date