Skip to main content

ജില്ലയില്‍ ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത് 35 കുട്ടികളെ

ബാലവേല-ബാലഭിക്ഷാടനം-തെരുവ് ബാല്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖാന്തിരം നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയില്‍ 18 വകുപ്പുകളെ  ഏകോപിപ്പിച്ച് ജില്ലാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പോലീസ്, തൊഴില്‍, എക്‌സൈസ്, വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ ബാലവേല കണ്ടെത്താനുള്ള റെസ്‌ക്യൂ ഡ്രൈവുകള്‍ നടത്തി വരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍  സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
ജില്ലയില്‍ വിഷമസാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന 35 കുട്ടികളെ റെസ്‌ക്യൂ ചെയ്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഇതില്‍ 7 കുട്ടികള്‍ ബാലവേലയിലും 8 കുട്ടികള്‍ ബാലഭിക്ഷാടനത്തിലും ഏര്‍പ്പെട്ടിരുന്നതും തെരുവില്‍ അലയുന്ന 4 കുട്ടികളും ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഏര്‍പ്പെട്ട ഒരു കുട്ടിയും പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 14 കുട്ടികളും ഉള്‍പ്പെടുന്നു. 7 കേസുകളില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതു. ബാലഭിക്ഷാടനത്തിനിടെ കണ്ടെത്തിയ കുട്ടികളുടെ രക്ഷകര്‍തൃത്വത്തില്‍ സംശയം തോന്നിയതിനാല്‍ 5 ഡി.എന്‍.എ ടെസ്റ്റുകള്‍ ചെയ്ത് ശാസ്ത്രീയമായി രക്ഷകര്‍തൃത്വം ഉറപ്പു വരുത്തി. പദ്ധതി വഴി റെസ്‌ക്യൂ ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള 19 കുട്ടികളും അന്യസംസ്ഥാനക്കാരായ 16 കുട്ടികളും ഉള്‍പ്പെടുന്നു. റെസ്‌ക്യൂ ചെയ്ത അന്യസംസ്ഥാനക്കാരായ 11 കുട്ടികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിച്ച് വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ട്.  
2018-2019 അധ്യയന വര്‍ഷത്തില്‍ മതിയായ കാരണമില്ലാതെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ഹാജരാകാത്ത കുട്ടികളെ കണ്ടെത്തി തിരികെ സ്‌കൂളില്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. ബാലവേല ബാലഭിക്ഷാടനം എന്നിവ തടയുന്നതിനായി ജില്ലാ തലത്തില്‍ ശിശു സംരക്ഷണ ഓഫീസറുടെ കീഴില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറുടെ സേവനം ലഭ്യമാണ്. ബാലവേല, ബാലഭിക്ഷാടനം തെരുവില്‍ അലയുന്ന കുട്ടികള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ഇടുക്കി,   വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ .           ഫോണ്‍- 04862 200 108     ഇ-മെയില്‍-  dcpoidukki@gmail.com, ചൈല്‍ഡ്‌ലൈന്‍ ടോള്‍ഫ്രീ നം. - 1098
 

date