Skip to main content

കാലവര്‍ഷ ദുരന്ത നിവാരണം:  ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു 

 

കോട്ടയം ജില്ലയില്‍ കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള  ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന  ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ)  ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

 

ജില്ലാ തലത്തിലും താലൂക്ക് തലത്തിലും രൂപീകരിച്ചിട്ടുള്ള ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സിസ്റ്റ(ഐ.ആര്‍.എസ്)ത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ സംബന്ധിച്ച്  നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിലെ അസോസിയേറ്റ് പ്രഫസര്‍ ശേഖര്‍ ചതുര്‍വ്വേദി ക്ലാസ് നയിച്ചു.

 

ജില്ലാ തലത്തില്‍ ജില്ലാ കളക്ടറും താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഐ.ആര്‍.എസിന്‍റെ പ്രധാന ചുമതലക്കാര്‍. എ ഡി എം ജില്ലാ ഇന്‍സിഡന്‍റ് കമാന്‍ഡറും അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണര്‍ ഡെപ്യൂട്ടി ഇന്‍സിഡന്‍റ് കമാന്‍ഡറുമാണ്.  തഹസില്‍ദാര്‍മാരാണ് താലൂക്കുകളിലെ ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍. കൂടാതെ പോലീസ്,  അഗ്നി രക്ഷാസേന, ആരോഗ്യ വകുപ്പ്,  മോട്ടോര്‍ വാഹന വകുപ്പ്, ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ യഥാക്രമം ഓപ്പറേഷന്‍സ്, പ്ലാനിംഗ്, സുരക്ഷ, ലോജിസ്റ്റിക്സ്, മാധ്യമ ഏകോപനം എന്നീ ചുമതലകള്‍ നിര്‍വ്വഹിക്കും. 

 

ജില്ലാ-വകുപ്പ്തല ദുരന്ത നിവാരണ പദ്ധതി കെ.എസ്.ഡി.എം.എ ചീഫ് മാനേജര്‍ സിജി എം. തങ്കച്ചന്‍, പ്രോജക്ട് ഓഫീസര്‍ ജോ ജോര്‍ജ് എന്നിവര്‍ വിശദീകരിച്ചു. 

 

പരിശീലന പരിപാടിക്കായി കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ജില്ലാ കളക്ടര്‍ എം.അഞ്ജന, തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്രബാബു (കോട്ടയം) , ജിനു പുന്നൂസ് (ചങ്ങനാശേരി), എസ്. ശ്രീജിത്(വൈക്കം), വി.എം. അഷ്റഫ്(മീനച്ചില്‍), ജി. അജിത്കുമാര്‍ (കാഞ്ഞിരപ്പള്ളി) എന്നിവര്‍ നേതൃത്വം നല്‍കി. എ.ഡി.എം അനില്‍ ഉമ്മന്‍ സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ ടി.കെ.വിനീത് നന്ദിയും പറഞ്ഞു.

date