Skip to main content

ജില്ലയില്‍ എല്ലാവര്‍ക്കും  പഠന സൗകര്യമായി; രണ്ടാം ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു(ജൂണ്‍ 15)മുതല്‍

 

കോട്ടയം ജില്ലയില്‍ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കി ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാം ഘട്ടം ഇന്ന്(ജൂണ്‍ 15) ആരംഭിക്കും. വീടുകളില്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പൊതു സംവിധാനങ്ങള്‍ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല പറഞ്ഞു. 

 

200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും  ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉള്‍പ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണോ ടെലിവിഷനോ ഇല്ലാത്ത 39 കുട്ടികളാണ് അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ പഠനത്തിനായുള്ള സജ്ജീകരണങ്ങള്‍ 

വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് ശനിയാഴ്ച്ചയോടെ പൂര്‍ത്തീകരിച്ചു.

 

വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പറഞ്ഞു.പൊതു കേന്ദ്രങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി സ്വന്തം വീടുകളില്‍ തന്നെ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. 

 

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശമായി പാലിച്ചുകൊണ്ടായിരിക്കും പഠനത്തിനുള്ള പൊതുസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.  വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ വെബ് സ്ട്രീമിംഗ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്സമയം ലഭിക്കും. ഇതിനു പുറമെ പിന്നീട് യൂട്യൂബ് ചാനലിലും ക്ലാസുകളുടെ വീഡിയോ കാണാം. ടെലിവിഷനു പുറമെ കമ്പ്യൂട്ടര്‍, ടാബ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് ക്ലാസില്‍ പങ്കെടുക്കാനാകും.

date