പ്രതിരോധ, പഠന പ്രവർത്തനങ്ങളിൽ പുറകോട്ടുപോകരുത്: മന്ത്രി എ സി മൊയ്തീൻ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഓൺലൈൻ വിദ്യാഭ്യാസ രീതിയിലും പുറകോട്ടു പോകരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. കുന്നംകുളം നിയോജക മണ്ഡലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ കോവിഡ്, ഓൺലൈൻ വിദ്യാഭ്യാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലത്തിൽ ഇതേ വരെ എല്ലാ മേഖലയിൽ നിന്നും നല്ല പരിശ്രമങ്ങൾ ഉണ്ടായതിനാൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാൽ താഴെത്തലങ്ങളിൽ നിന്ന് മികച്ച ഇടപെടൽ ഇനിയും ഉണ്ടാകണമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് പ്രവർത്തനങ്ങളെ ഏകോപിക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
മൺസൂൺ കാലമായതിനാൽ വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് ക്വാറന്റൈയിൻ കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. കോവിഡ് ജാഗ്രതയ്ക്കൊപ്പം തന്നെ മറ്റ് മഴക്കാല രോഗങ്ങൾ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. നിയോജക മണ്ഡലത്തിൽ പഞ്ചായത്തടിസ്ഥാനത്തിൽ കോവിഡ് ജാഗ്രത ഇനിയും വിപുലപ്പെടുത്തണ്ടേതുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും സന്ദർശകരെ നിയന്ത്രിക്കണമെന്നും പനി പരിശോധന ഉപകരണങ്ങൾ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സജ്ജമാക്കണമെന്നും മന്ത്രി എ സി മൊയ്തീൻ നിർദ്ദേശിച്ചു.
തെരുവ് കച്ചവടക്കാർക്ക് മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സൗകര്യമുണ്ടാക്കാൻ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കണം. പുതിയ പെട്ടിക്കടകൾ, തട്ടുകടകൾ എന്നിവ ഇക്കാലയളവിൽ അനുവദിക്കില്ല. ബാങ്കുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. എ ടി എമ്മുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണം. ചുമട്ടു തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും കൂടുതൽ ബോധവത്ക്കരണം നടത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാകണം. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലും ശ്രദ്ധ പതിപ്പിക്കണം. ആഴ്ചയിൽ രണ്ടു ദിവസം മേഖലയിലെ മാർക്കറ്റുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ കർശനമാക്കണം. പൊതു സ്ഥലത്ത് മത്സ്യ കച്ചവടം നിരോധിക്കണം. മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ എല്ലാ പഞ്ചായത്തുകളും ശ്രദ്ധിക്കണമെന്നും. ടി വിയില്ലാത്ത കുട്ടികളെ കണ്ടെത്തി എത്രയും വേഗം പഠനം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തലത്തിലും ബി ആർ സി തലത്തിലും ജാഗ്രത വേണം. നിയോജക മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഹാജരാക്കാനും മന്ത്രി എ സി മൊയ്തീൻ നിർദ്ദേശിച്ചു.
കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി സുമതി, ബസന്ത് ലാൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ, എസിപി ടി എസ് സി നോജ്, നഗരസഭ - ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments