Skip to main content

കുട്ടനാടിന്റെ സമഗ്ര വികസനത്തിലേക്കുള്ള പാലം

 

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു മണിമല നദിക്കു കുറുകെ നിര്‍മ്മിച്ച മങ്കൊമ്പ് സിവില്‍ സ്റ്റേഷന്‍ പാലത്തിന് പ്രദേശത്തിന്റെ നാനാതല വികസനത്തില്‍ തന്ത്രപ്രധാന പങ്കാണുള്ളത്. കുട്ടനാട് നിവാസികളുടെ ചിരകാല സ്വപ്നമായ ഈ പാലം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കും.

മങ്കൊമ്പ് പാലത്തോടൊപ്പം തട്ടാശ്ശേരി പാലം കൂടി നിര്‍മ്മിച്ചാല്‍ മങ്കൊമ്പ്-പുളിങ്കുന്ന്-കാവാലം -കൈനടി-ഈര-നീലംപേരൂര്‍ വഴി എം.സി.റോഡിലെ കുറിച്ചി ജങ്ഷനില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഏകദേശം 15 കി.മീ ദൂരമാണ് ലാഭിക്കാന്‍ കഴിയുക. ഈ പ്രദേശത്തുകാര്‍ക്ക് കോട്ടയം ഭഗത്തേയ്ക്ക് പോകുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്. പുളിങ്കുന്ന് കരയിലുള്ള നിവാസികള്‍ക്ക് വളരെ എളുപ്പത്തില്‍ എ.സി റോഡിലേക്ക് പ്രവേശിക്കുവാനും സിവില്‍ സ്റ്റേഷന്‍, പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്‍, ട്രഷറി, വില്ലേജ് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

25.3 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനുകളിലായി 151.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ക്യാരേജ് വേയും 1.50 മീറ്റര്‍ വീതം വീതിയില്‍ ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയിലുമാണ് പാലം  ആദ്യം രൂപകല്പന ചെയ്തത്. പിന്നീട് പുളിങ്കുന്ന് കരയില്‍ 25.30 മീറ്റര്‍ നീളത്തിലുള്ള ഒരു സ്പാന്‍  കൂടി ഉള്‍പ്പെടുത്തി. നിലവില്‍ 177.10 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. പുളിങ്കുന്ന് കരയില്‍ 100 മീറ്റര്‍  നീളത്തിലും മങ്കൊമ്പ് കരയില്‍ 136 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

 2014ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നിര്‍മാണം വേഗത്തിലാക്കുകയും പദ്ധതി പൂര്‍ത്തീകരിക്കുകയുമായിരുന്നു.

date