Skip to main content

പ്രളയ മുന്നൊരുക്കങ്ങള്‍: കുട്ടനാട്ടില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും 

 

ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജൂണ്‍ 19ന് കുട്ടനാട്ടില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ജില്ല ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എ. അലക്‌സാണ്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ ആളുകളെ മാറ്റുന്നതും ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയാണ് മോക്ക് ഡ്രില്‍. വെള്ളപ്പൊക്കം വലിയ തോതില്‍ ബാധിക്കുന്ന കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍, ജല ഗതാഗത വകുപ്പ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് മോക്ക് ഡ്രില്‍.
സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കുട്ടനാട്ടില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

 കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിഎംഒ ഡോ. എല്‍ അനിതകുമാരിക്ക്  യോഗം നിര്‍ദ്ദേശം നല്‍കി. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ഷീല, വൈസ് പ്രസിഡന്റ് ജിജോ പള്ളിക്കല്‍, എഡിഎം ജെ. മോബി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ വിജയസേനന്‍,  കെഎസ്ആര്‍ടിസി, കെഎസ്ഇബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date