ലോക്ക് ഡൗണ്‍ കാലത്തും "കൂടെയുണ്ട് അങ്കണവാടികള്‍"
എറണാകുളം: ചെറിയ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും അറിവും ആരോഗ്യകരമായ ശീലങ്ങളും പകര്‍ന്നു നല്കുന്ന അങ്കണവാടികള്‍ കോവിഡ് കാലത്തും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഓണ്‍ലൈനിലൂടെ ഓരോ ഗുണഭോക്താവിലേക്കുമെത്തുന്ന "കൂടെയുണ്ട് അങ്കണവാടികള്‍" പദ്ധതി ഇതിൻറെ ഭാഗമായി കൂടുതല്‍ മേഖലകളിലേക്ക് കടന്നു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2858 അങ്കണവാടികളിലെ ഗുണഭോക്താക്കളായ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടെയുണ്ട് അങ്കണവാടികള്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ "കരുതലോടെ മുലയൂട്ടാം" പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചത്.
കോവിഡ് കാലത്ത് അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി വൈവിദ്ധ്യങ്ങളായ പരിപാടികളാണ് അങ്കണവാടികള്‍ നടപ്പാക്കുന്നത്. രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും മൊബൈല്‍ ഫോണുകള്‍ വഴിയാണ് സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ആണ് അങ്കണവാടികളുടെ ഇപ്പോഴത്തെ സേവനങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക, പരസ്പര ചര്‍ച്ചകളിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഗുണപരമായ മാതൃകകള്‍ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്ക്കൊപ്പമുണ്ടെന്ന ഉറപ്പ് നല്‍കുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് കൂടെയുണ്ട് അങ്കണവാടി പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിതാ സെയ്ൻ , ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി , ശിശുവികസന പദ്ധതി ഓഫീസർമാർ , ഐ സി ഡി എസ് സൂപ്പർവൈസർമാർ എന്നിവരും ആരോഗ്യ പ്രവർത്തകരും വർക്കർമാർക്ക് ഒപ്പം ഗുണഭോക്താക്കളുമായി വീഡിയോ കാളിലൂടെ ചർച്ചകൾ നടത്തി
- Log in to post comments