ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു
എറണാകുളം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ല കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം ചേർന്നു. ജില്ലയിലെ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സമൂഹ വ്യാപനം ഉണ്ടായാൽ വേണ്ട തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ച ചെയ്തു.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് വിവിധ രോഗങ്ങൾക്ക് ഡോക്ടറുടെ സേവനം ഉറപ്പാക്കാനായി ആരംഭിച്ച ടെലി മെഡിസിൻ സംവിധാനം 4000 ഇൽ അധികം പേരാണ് ഉപയോഗപ്പെടുത്തിയത്. നിരീക്ഷണത്തിൽ ഉള്ള ആളുകൾ ആശുപത്രി സേവനങ്ങളുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം ഇല്ലാതാക്കാൻ അതു വഴി സാധിച്ചു. വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെ ആരോഗ്യ വകുപ്പ് നേരിട്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് ആശുപത്രികൾ അല്ലാത്ത മറ്റ് ആശുപത്രികളിലും കൃത്യമായ നിരീക്ഷണം ഒരുക്കാൻ ജില്ലാ ഭരണ കൂടത്തിന് സാധിച്ചു. കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് വേണ്ടി പ്രത്യേക ഫാസ്റ്റ് ട്രാക്കിംഗ് സംവിധാനവും എല്ലാ ആശുപത്രികളിലും നടപ്പാക്കി.
കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികളുടെ എണ്ണം വർധിച്ചതോടെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സംവിധാനം ആരംഭിച്ചു. 300 രോഗികളെ വരെ ചികിൽസിക്കാനുള്ള സംവിധാനം ഇവിടുണ്ട്. ചികിത്സയിലിരിക്കുന്ന രോഗികൾ 300കടന്നാൽ സിയാൽ കൺവെൻഷൻ സെന്ററിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കും. ഞാറക്കൽ അമൃത ആശുപത്രിയും ഉപയോഗിക്കും. 1000ഇൽ അധികം പേർ ചികിത്സയിൽ ഇരിക്കുന്ന സാഹചര്യം ഉണ്ടായാൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കും. 1800ഇൽ അധികം രോഗികൾ ആയാൽ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും 2500ഇൽ അധികമായാൽ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തനമാരംഭിക്കും. അതിനുള്ള സ്ഥലങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനക്ക് വിധേയരാക്കുന്ന ആളുകളെ കോവിഡ് കെയർ സെന്ററുകളിൽ താമസിപ്പിക്കും. നിലവിൽ ജില്ലാ ഭരണ കൂടത്തിന് കീഴിൽ 15 കോവിഡ് കെയർ സെന്ററുകൾ ആണുള്ളത്.
അഡ്ലക്സ് ആശുപത്രിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സംവിധാനം ആരംഭിക്കാൻ ആയി 20 ലക്ഷം രൂപയാണ് ചെലവായത്. കോവിഡ് പക്കേജിന്റെ ഭാഗമായി ജില്ലക്ക് ലഭിച്ച 6കോടി രൂപയിൽ നിന്നാണ് ഈ പണം വിനിയോഗിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 40 ഡോക്ടർമാരെയും 45 നഴ്സ്മാരെയും 40ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ. ആർ. വൃന്ദ ദേവി, അസിസ്റ്റന്റ് കളക്ടർമാരായ എം
എസ്. മാധവിക്കുട്ടി, രാഹുൽ കൃഷ്ണ ശർമ,തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments