Skip to main content

4 മാസത്തിനിടെ 187.71 കോടി രൂപ ജില്ലയിൽ വിതരണം ചെയ്ത് കുടുംബശ്രീമിഷൻ

ജില്ലയിൽ കഴിഞ്ഞ 4 മാസത്തിനുളളിൽ കുടുംബശ്രീ മുഖേന വിതരണം ചെയ്തത് 187.71 കോടി രൂപ. വിവിധ പദ്ധതികളിലൂടെയാണ് ഇത്രയും തുക ജില്ലയിൽ പണമായി വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി ഇത്. റീബിൽഡ് കേരള ലോൺ സ്‌കീമിന്റെ ഭാഗമായ പലിശ സബ്‌സിഡിയിനത്തിൽ 29.13 കോടി രൂപ, റീബിൽഡ് കേരളയുടെ ഭാഗമായി 12.38 കോടി രൂപ, പ്രത്യേക ഉപജീവന പാക്കേജിന്റെ ഭാഗമായി 2.02 കോടി രൂപ, പ്ലാൻ വിഹിതം 4.43 കോടി രൂപ, ജനകീയ ഹോട്ടൽ 1.80 കോടി രൂപ, മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി വഴി 137.95 കോടി രൂപ എന്നിങ്ങിനെയാണ് കുടുംബശ്രീ വഴിയുളള തുക വിതരണം. 2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ ജീവനോപാധികളും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയ റിസർജന്റ് കേരള ലോൺ സ്‌കീമിൽ ജില്ലയിൽ 351 കോടി രൂപയാണ് വായ്പ നൽകിയത്. ഈ വായ്പയുടെ പലിശ 9% പൂർണ്ണമായും സംസ്ഥാന സർക്കാരാണ് നൽകാമെന്നേറ്റിരുന്നു. അതനുസരിച്ച് മാർച്ച് 31 വരെയുളള ഒരുവർഷക്കാലത്തെ പലിശ 29.13 കോടി രൂപ ജില്ലയിലെ അയൽക്കൂട്ട അംഗങ്ങൾക്കായി വിതരണം ചെയ്തു.
കൃത്യമായും ലോൺ തിരിച്ചടവു നടത്തിയ 99.9% അയൽക്കൂട്ടങ്ങളും അവരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്കാണ് പലിശ തുക കൈമാറിയത്. ഫെബ്രുവരി-മാർച്ച് മാസത്തോടെ ഈ തുക പൂർണ്ണമായും അയൽക്കൂട്ടാംഗങ്ങളുടെ കൈകളിലേക്കെത്തിക്കാൻ കഴിഞ്ഞത് ലോക്ക്ഡൗൺ കാലത്ത് കുടുംബശ്രീ കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 12.38 കോടി രൂപ നാല് മേഖലകളിലെ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ വിവിധ സിഡിഎസ്സുകൾക്ക് കൈമാറിക്കഴിഞ്ഞു.
വർണറബിലിറ്റി റിഡക്ഷൻ ഫണ്ട് (വിആർഎഫ്) പ്രളയബാധിത അയൽകൂട്ടങ്ങൾക്ക് അവരുടെ അംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി ആന്തരിക വായ്പയായി വിതരണം ചെയ്യുനനതിന് 6,49,85,000 രൂപ അനുവദിച്ചു. ജില്ലയിലെ 6632 അയൽകൂട്ടങ്ങൾക്ക് 15000 രൂപ മുതൽ 25000 രൂപ വരെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ഈ തുക അനുവദിച്ചത്.
ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് (സിഎംഎഫ്) ജില്ലയിലെ പ്രളയ ബാധിത സംഘകൃഷി ഗ്രൂപ്പുകൾക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനായി അനുവദിച്ച 1,62,22,700 രൂപ 813 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കായി വിതരണം ചെയ്തു. ഓരോ സംഘകൃഷി ഗ്രൂപ്പുകൾക്കും 20,000 രൂപ വീതമാണ് പദ്ധതി പ്രകാരം ലഭ്യമാക്കിയത്.
കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് (സിഇഎഫ്) അയൽക്കൂട്ടാംഗങ്ങളെ പുതിയ സംരംഭ സാധ്യതകൾ കണ്ടെത്തി സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് വ്യക്തികൾക്ക് പരമാവധി 50,000 രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി 1,50,000 രൂപ വരെയും 4% പലിശയ്ക്ക് സി.ഡി.എസ്സുകൾ വഴി നേരിട്ട് വായ്പ ലഭ്യമാക്കുന്നതിനായി ജില്ലയിലെ 83 സി.ഡി.എസ്സുകൾക്ക് 4,33,00,000രൂപയാണ് വിതരണം ചെയ്തിട്ടുളളത്. 71 ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സുകൾക്കായി 3.09 കോടി രൂപയും 12 നഗരസഭാ സി.ഡി.എസ്സുകൾക്കായി 1.24 കോടി രൂപയും ലഭ്യമാക്കി മൈക്രോ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറായി മുന്നോട്ട് വരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാതെ സിഇഎഫ് പ്രയോജനപ്പെടുത്തി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായകമാണ്.
കണക്ട് ടു വർക്ക് (സി2ഡബ്ല്യൂ) അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നുളള അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് ഇന്റർവ്യൂ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തമാക്കാനുദ്ദേശിച്ചുകൊണ്ട് നടത്തപ്പെടുന്ന ഹ്രസ്വകാല കോഴ്‌സുകൾക്കായി ബ്ലോക്ക് തലത്തിൽ ഒരു കേന്ദ്രം സജ്ജമാക്കുന്നതിനുദ്ദേശിച്ചുകൊണ്ട് ജില്ലയിലെ 16 ബ്ലോക്കുകളിലും ഒരു കേന്ദ്രം ആരംഭിക്കുന്നതിനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 2.10 രൂപ വീതം 33,60,000/- രൂപ ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക് തല കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികൾക്കായി അതത് സി.ഡി.എസ്സുകൾക്ക് തുക കൈമാറി.
ഉപജീവന പാക്കേജ്
പ്രളയ ദുരന്തങ്ങളിൽ നിന്നും കരകയറുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ഉപജീവന പാക്കേജ് പ്രകാരം 2,02,30,646 രൂപയാണ് കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന് അനുവദിച്ച് കിട്ടിയത്. ഈ തുക പ്രധാനമായും 4 മേഖലകളിലെ പ്രളയ ബാധിതർക്കായി നൽകി.
പ്രളയത്തെ തുടർന്ന് കാർഷിക വിളകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ച് സംഘകൃഷി ഗ്രൂപ്പുകൾക്കായി 5,000 രൂപയുടെ ടൂൾ കിറ്റുകൾ നൽകുന്നതിനായി 56,45,000 രൂപ ചിലവഴിച്ചു. ഇതു പ്രകാരം ജില്ലയിലെ 1,129 സംഘകൃഷി ഗ്രൂപ്പുകൾക്ക് വീൽബാരോ (ഒറ്റച്ചക്രവണ്ടി), ഹാന്റ് സ്‌പ്രേയർ, ഹാന്റ് വീഡർ, മൺവെട്ടി, പിക് ആക്‌സ്,റബ്ബർ ബാസ്‌കറ്റ്, ഫെറമോൺ കെണി, റാറ്റ് ട്രാപ്പ്, പ്രൂണിംഗ് കത്തി എന്നിവ വിതരണം ചെയ്തു.
കൈപമംഗലം ഗ്രാമപഞ്ചായത്തിലെ 6 കാട വളർത്തൽ യൂണിറ്റുകൾ കാട്ടകാമ്പാൽ, എരുമപ്പെട്ടി പഞ്ചായത്തുകളിലെ ഒന്നുവീതം കാടവളർത്തൽ യൂണിറ്റുകൾക്കുമായി 80,000/- രൂപയുടെ ധനസഹായം പ്രത്യേക ഉപജീവന പാക്കേജിൽ ഉൾപ്പെടുത്തി കൈമാറി.
2018 ആഗസ്റ്റ് മാസം 14 ന് ചെങ്ങന്നൂരിൽ ആരംഭിച്ച ദേശീയ സരസ് മേളയിൽ ജില്ലയിൽ നിന്ന് 25 ഓളം സംരംഭകർ തങ്ങളുടെ ഉത്പന്നങ്ങളുമായി പങ്കെടുത്തെങ്കിലും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് വെറും കൈയോടെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടായി. തൃശ്ശൂരിൽ നിന്ന് കുത്താമ്പുളളി കൈത്തറി യൂണിറ്റുകൾക്കുൾപ്പെടെ വലിയ നഷ്ടമാണ് പ്രളയം വരുത്തിയത്. ഇവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം 54,05,446/- രൂപ ഒരു സംരംഭക ഗ്രൂപ്പിന് പരമാവധി 3 ലക്ഷം എന്ന പരിധിക്ക് വിധേയമായി പ്രത്യേക ഉപജീവന പാക്കേജിന്റെ ഭാഗമായി ലഭ്യമാക്കിയത് പ്രളയാനന്തരം സംരംഭകരെ കൈപിടിച്ചുയർത്തുന്നതിന് ഏറെ സഹായകമായി. ഇതിനു പുറമെ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായി 16 കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് 16 സി.ഡി.എസ്സുകൾക്കായി 2 ലക്ഷം വീതം 32 ലക്ഷം രൂപ ലഭ്യമാക്കി. കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.
തെരഞ്ഞെടുത്ത 10 മേഖലകളിൽ സംസ്ഥാനത്തെ 50,000 യുവജനങ്ങൾക്ക് വൈദഗ്ധ്യ പരിശീലനം ലഭ്യമാക്കികൊണ്ട് അവരെ സംരംഭങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനുദ്ദേശിച്ചു കൊണ്ട് നടപ്പാക്കിയ അറൈസ് (അക്വയറിങ് റീസയലൻസ് ആൻഡ് ഐഡന്റിറ്റി ത്രൂ സബ്‌സറ്റെയിനബിൾ എംപ്ലോയ്‌മെന്റ്) പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഇലക്ട്രിക്കൽ വർക്‌സ്, ഇലക്‌ട്രോണിക്‌സ് റിപ്പയർ, പ്ലംബിംഗ്, ഡാറ്റാ എൻട്രി, ഹൗസ് കീപ്പിംഗ്, ഹോം മേയ്ഡ്, ഡേ കെയർ, ലോൺട്രി, അയേണിംഗ് തുടങ്ങി അനുബന്ധ മേഖലകളിൽ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് പരിശീലനം എന്നിവക്കായി 59,00,000 രൂപ വിനിയോഗിച്ച് മേൽ പറഞ്ഞ മേഖലകളിൽ പോളിടെക്‌നിക്, ഐ.ടി.ഐ, കുടുംബശ്രീയുടെ എംപാനൽ ഏജൻസികൾ വഴി 831 പേർക്ക് പരിശീലനം നൽകുകയും 400 ഓളം പേർ പുതുതായി സംരംഭങ്ങളിലേക്കും വേതന തൊഴിലുകളിലേക്കും വരികയും ചെയ്തു.
കമ്മ്യൂണിറ്റി കിച്ചൺ & ജനകീയ ഹോട്ടൽ
ജില്ലയിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന് പ്രാരംഭ പ്രവർത്തന മൂലധനമായി 50,000 രൂപ വീതം സംരംഭക ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുന്നതിനും ഊണൊന്നിന് 10 രൂപ നിരക്കിൽ ഉച്ചഭക്ഷണത്തിനുളള സബ്‌സിഡി നൽകുന്നതിനുമായി 1.80 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു.
2020 മാർച്ച് 26 ന് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണ് തുടക്കം കുറിച്ചു. 2020 മാർച്ച് 26 മുതൽ ജൂൺ 15 വരെയുളള 82 ദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി 5,43,122 ഭക്ഷണപ്പൊതികളും ജനകീയ ഹോട്ടൽ വഴി 1,75,499 ഭക്ഷണ പൊതികളും ഉൾപ്പെടെ മൊത്തം 7,18,621 ഭക്ഷണപൊതികളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്ത 5,43,122 ഭക്ഷണപൊതികളിൽ 4,43,585 ഭക്ഷണപൊതികളും (81.67%) സൗജന്യമായാണ് വിതരണം ചെയ്തത്.
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജനകീയ ഹോട്ടൽ 2020 ഏപ്രിൽ ഒന്നു മുതൽ ജില്ലയിൽ തുടക്കമായി. ഇതുവരെയായി 39 പഞ്ചായത്തുകളിലും 5 നഗരസഭകളിലുമായി 44 ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി.
ഇത് വഴി ദിവസേന 12 മണി മുതൽ 3 മണി വരെയുളള സമയത്ത് പൊതുജനങ്ങൾക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ഉച്ചഭക്ഷണം നൽകി വരുന്നു. ഊണൊന്നിന് 10 രൂപ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി കുടുംബശ്രീ വഴി സംരംഭക ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ജനകീയ ഹോട്ടലുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കിയിട്ടുളളത്. കുടുംബശ്രീ വഴി 50,000 രൂപയുടെ റിവോൾവിംഗ് ഫണ്ടും സിവിൽ സപ്ലൈസ് വഴി 10.90 രൂപ നിരക്കിൽ അരിയും ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന് അനുവദിച്ച പ്ലാൻ ഫണ്ട് 4,42,93,304 രൂപ കുടുംബശ്രീയുടെ വിവിധ പ്രവർത്തന മേഖലകൾക്ക് വിനിയോഗിച്ചു.
അയൽക്കൂട്ട വായ്പകൾക്ക് പലിശ സബ്‌സിഡി
ലിങ്കേജ് വായ്പയെടുക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 3 ലക്ഷം രൂപ വരെയുളള വായ്പകൾക്ക് 4% ൽ അധികരിച്ച് വരുന്ന പലിശ കുടുംബശ്രീ വഴി പലിശ സബ്‌സിഡിയായി ബാങ്കുകൾക്ക് നൽകുന്നു. അങ്ങനെ അയൽക്കൂട്ടങ്ങൾക്ക് 4% പലിശക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നു. 2019-20 സാമ്പത്തിക വർഷം ജില്ലയിൽ 3000 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 2,59,64,067 രൂപ അയൽക്കൂട്ട വായ്പകളുടെ പലിശ സബ്‌സിഡിയായി വിതരണം ചെയ്തു.
അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റ്
കുടുംബശ്രീ സി.ഡി.എസ്സുകൾകക് ഭരണ നിർവ്വഹണ ഗ്രാന്റ് ഇനത്തിൽ 35,74,695 രൂപ വിതരണം ചെയ്തു. സി.ഡി.എസ്. അംഗങ്ങൾക്കായുളള യാത്രാബത്ത, ഓഫീസ് ചെലവുകൾ, മീറ്റിംഗ്, ചെയർപേഴ്‌സൺമാർക്കുളള ടെലിഫോൺ ചാർജ് എന്നീ ഇനത്തിലാണ് ഭരണ നിർവ്വഹണ ഗ്രാന്റ് അനുവദിക്കുന്നത്. സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്കുളള ഓണറേറിയം ഇനത്തിൽ 79,18,451 രൂപ ചെലവഴിച്ചു.
ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക വികസനം ഹോളിസ്റ്റിൽ ഹെൽത്ത് പ്രോഗ്രാം, ശാസ്‌ത്രോത്സവം, ബാലപാർലിമെന്റ്, ബാല ലൈബ്രറി എന്നിവക്കായി 17,97,919 രൂപ വിനിയോഗിച്ചു.
ട്രൈബൽ മേഖലയിൽ അയൽക്കൂട്ടങ്ങൾക്കുളള കോർപ്പസ് ഫണ്ട് ഇനത്തിൽ 1,23,000 രൂപയും ജില്ലാ ഇനീഷിയേറ്റീവിന്റെ ഭാഗമായി 18,419 രൂപ ഉൾപ്പെടെ 1,41,149 രൂപ ചെലവഴിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനും അത്തരക്കാർക്ക് ഷോർട്ട് സ്റ്റേ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി തുടങ്ങിയ സ്‌നേഹിത ജെന്റർ ഹെൽപ്പ് ഡസ്‌കിന്റെ പ്രവർത്തനങ്ങൾക്കായി 35,06,020 രൂപയാണ് ഇക്കാലയളവിൽ ചെലവഴിച്ചത്.
പ്രാദേശിക സാമ്പത്തിക വികസന മേഖലയിൽ മൈക്രോ സംരംഭ മേഖലയിൽ 79.90 ലക്ഷം രൂപ വിനിയോഗിച്ചു. പ്രത്യാശ പദ്ധതിയിലുൾപ്പെടുത്തി തീരദേശ സംരംഭങ്ങൾക്കായി 32,65,354 രൂപയും വിധവകളുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങൾ ഉളളവരുമായ കുടുംബശ്രീ അംഗങ്ങൾക്ക് 5 ഗ്രൂപ്പ് സംരംഭങ്ങൾക്കും 2 വ്യക്തിഗത സംരംഭങ്ങൾക്കുമായി 100% സബ്‌സിഡിയോടുകൂടി ധനസഹായം നൽകുന്നതിനായി 15,80,000 രൂപ വിനിയോഗിച്ച് സംരംഭങ്ങൾ ആരംഭിച്ചു.
സംരംഭ വികസന മേഖലയിൽ റിവോൾവിംഗ് ഫണ്ട് 11 സംരംഭങ്ങൾക്കും, ടെക്‌നോളജി ഫണ്ട് 30 സംരംഭങ്ങൾക്കും, ഇന്നോവേഷൻ ഫണ്ട് 2 സംരംഭങ്ങൾക്കും, ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് 2 സംരംഭങ്ങൾക്കും ലഭ്യമാക്കുന്നതിനായി 32,65,354 രൂപ വിനിയോഗിച്ചു. തീരദേശ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി 12,00,000 രൂപ ഇക്കാലയളവിൽ ചെലവഴിച്ചിട്ടുണ്ട്. സംരംഭ രൂപീകരണത്തിനായി പരിശീലന പരിപാടികൾക്കായി 19,45,370 രൂപ ചെലവഴിച്ചു.
മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി (സിഎംഎച്ച്എൽഎസ്)
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ ഉൾപ്പെട്ട കുടുംബശ്രീ മുഖേനയുളള 2,000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി (സിഎംഎച്ച്എൽഎസ്) പ്രകാരം തൃശ്ശൂർ ജില്ലയിലെ 16,262 അയൽക്കൂട്ടങ്ങളിലെ 1,98,787 അംഗങ്ങൾക്ക് 137.95 കോടി രൂപ ബാങ്കുകളിലൂടെ വിതരണം ചെയ്തു. ജില്ലയുടെ വായ്പാ ലക്ഷ്യമായ 184 കോടി രൂപ വിതരണം ചെയ്യുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു.

date