Skip to main content
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ കോഴിമലയിലുള്ള സ്റ്റേഡിയം.

ഇരവിപേരൂര്‍ സ്റ്റേഡിയം നവീകരണത്തിന് ടെന്‍ഡറായി

    ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ കോഴിമലയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന് ടെന്‍ഡര്‍ ആയി. ആസ്തി വികസന ഫണ്ടില്‍നിന്ന് വീണാ ജോര്‍ജ് എം എല്‍ എ അനുവദിച്ച 17 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായി അഞ്ചു ലക്ഷം രൂപയും ചേര്‍ത്ത് 22 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.   നിലവിലുള്ള റോഡിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗാലറി, പവലിയന്‍, ഗ്രൗണ്ടിന്റെ ലെവലിംഗ്, ഗോള്‍പോസ്റ്റ്, വടക്ക് തോടുമായി തിരിച്ച് ഉയരത്തില്‍ ഇരുമ്പുവല സ്ഥാപിക്കല്‍ എന്നിവയാണ് നിലവിലുള്ള നിര്‍മാണങ്ങള്‍. കൂടാതെ ഗ്രൗണ്ടില്‍ പുല്ല് വച്ച് പിടിപ്പിക്കല്‍, വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കല്‍ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന കാലങ്ങളായ ആവശ്യത്തിനും പരിഹാരമാകുകയാണ്. 15 ലക്ഷം രൂപ ഇതിനായി പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫണ്ട് അനുവദിച്ചതും ടെന്‍ഡറായിട്ടുണ്ട്.
പഞ്ചായത്ത് തല സ്‌പോട്‌സ് കൗണ്‍സില്‍ സംസ്ഥാനത്ത് ആദ്യം ആരംഭിക്കുകയും ഹോസ്റ്റലിന്റെ പ്രവര്‍ത്തനം, ഫുട്‌ബോള്‍, അത്‌ലറ്റിക്, നെറ്റ്‌ബോള്‍ എന്നിവയില്‍ 190 ഓളം കുട്ടികള്‍ക്ക് പരിശീലനവും, അതിനുള്ള അടിസ്ഥാന സൗകര്യവും നല്‍കിവരുന്ന ഇരവിപേരൂരിലെ സ്റ്റേഡിയം നവീകരണം പഞ്ചായത്തിലെ കായികരംഗത്തിന്റെ കുതിച്ച് ചാട്ടത്തിന് ഇടയാക്കുമെന്ന് അഡ്വ. എന്‍. രാജീവ് പറഞ്ഞു. ഇപ്പോള്‍ ടെന്‍ഡറായിരിക്കുന്നത് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളാണെന്നും സിന്തറ്റിക്ക് ട്രാക്ക്, സ്റ്റോര്‍മുറി, ടോയ്‌ലറ്റ്, വസ്ത്രം മാറുവാനുള്ള മുറി എന്നിവയും സ്ഥിരം പരിശീലകരും അവര്‍ക്കുള്ള വേതനം, പരിശീലന സമയത്ത് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെ രണ്ടാംഘട്ടത്തിനുള്ള പ്രോജക്ടുകള്‍ തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അനസൂയാദേവി അറിയിച്ചു.
 

date