കോരപ്പുഴ പാലം, പാവങ്ങാട് റോഡ് പ്രവൃത്തികള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു
കോരപ്പുഴ പാലം, പാവങ്ങാട് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. 26 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കോരപ്പുഴ പാലവും പാവങ്ങാട് മുതല്‍ കോരപ്പുഴ പാലം വരെ എട്ട് കോടി 36 ലക്ഷത്തിന്റെ വിവിധ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന റോഡിന്റെ നിലവിലെ പ്രവൃത്തികളുമാണ്
മന്ത്രി സന്ദര്‍ശിച്ചത്.
കിഫ്ബിയിലുള്‍പ്പെടുത്തി 26 കോടി രൂപ ചെലവിലാണ് കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. 12 മീറ്റര്‍ വീതിയിലാണ് പുതിയ പാലം. പഴയ പാലത്തിന് അഞ്ച് മീറ്റര്‍ വീതി മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സമയം ഒരു ഒരു വാഹനം മാത്രം കടന്നു പോകുന്ന അവസ്ഥ ഉള്ളതിനാല്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതകുരുക്ക് ഇവിടെ പതിവായിരുന്നു. ഇതിന് മാറ്റമുണ്ടാക്കുന്ന രീതിയിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ക്ക് പോവാനായി 7 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മിച്ചിട്ടുണ്ട്. പാലത്തില്‍ 7 സ്പാനുകളാണ് ഉള്ളത്. ഓരോ സ്പാനിനും 32 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുണ്ട്. പാലത്തിന് ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡ് ഉണ്ട്. ഇതുകൂടാതെ രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മൊത്തം എട്ട് തൂണുകളാണ് പാലത്തിനുള്ളത്. 64 പൈലുകളിലാണ് പാലം നിര്‍മ്മിക്കുന്നത്.
പാവങ്ങാട് റോഡില്‍ അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് വിരിച്ച ഫുട്പാത്ത് നിര്‍മ്മിക്കുന്നതിനോടൊപ്പം സ്‌കൂളിന്റെയും അങ്ങാടികളുടെയും മുന്‍വശങ്ങളിലായി ഹാന്‍ഡ് റൈലിന്റെ പ്രവൃത്തികളും നടക്കുന്നുണ്ട്.
ഇതിനു പുറമെ ട്രാഫിക് സിഗ്‌നല്‍, സൈന്‍ ബോര്‍ഡ്, റോഡ് മാര്‍ക്കിംഗ്, റിഫ്‌ലക്ടീവ് സ്റ്റഡ്, ബ്ലിം ഗേര്‍സ് എന്നിവയും നിര്‍മ്മിക്കും. പാവങ്ങാട് മുതല്‍ കോരപ്പുഴ പാലം വരെയുള്ള 10 ബസ് സ്‌റ്റോപ്പുകള്‍ പുതുക്കി പണിയും. റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ സിന്ധു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി മുഹമ്മദലി, പി.ബി ബൈജു, അസി. എഞ്ചിനീയര്‍മാരായ ആര്‍ റീന, കെ തുഷാര, യു.എല്‍.സി.സി ഡയറക്ടര്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments