ഓണ്‍ലൈന്‍ പഠനോല്‍സവം; കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം പൂര്‍ണ്ണമായി
ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കണ്ണൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടി.വി ചാലഞ്ചിലൂടെ ശേഖരിച്ച 64 ടെലിവിഷന്‍ സെററുകള്‍ വിതരണം ചെയ്തു. കണ്ണൂര്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 64 പേര്‍ക്കാണ് പഠനവീട് ഒരുക്കുവാന്‍ ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അര്‍ഹരെ കണ്ടെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ആരുടെയും പഠനം തടസ്സപ്പെടുകയില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഇനി പഠനത്തിന്റെ കാലമാണ്. നാല്‍പ്പത്തി രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഓണ്‍ ലൈന്‍ പഠന ശൃംഖല സംസ്ഥാന ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തതോടെ കേരളം ഒരുക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകയാണ് ഇത്. കോവിഡ് കാലത്ത് ലോകം ഈ പ്രവര്‍ത്തനത്തേയും ഉറ്റ് നോക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിലെ സാമൂഹ്യ നിര്‍മ്മിതിക്ക് സ്‌കൂള്‍ പഠനാന്തരീക്ഷം അനിവാര്യമാണ്. ഇപ്പോള്‍ അത് സാധ്യമാകാത്തതു കൊണ്ടാണ് താല്‍ക്കാലിക പഠനവീട് കണ്ണൂര്‍ മണ്ഡലത്തില്‍ എല്ലായിടങ്ങളിലും ഒരുക്കുന്നത്. അത് ഇപ്പോള്‍ പൂര്‍ണ്ണതയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിലായിട്ടാണ് ടി വി വിതരണം നടന്നത്. ചേലോറ സോണലില്‍ വെച്ച് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എന്‍ ടി സുധീന്ദ്രന്‍, പി പി ബാബു, കൗണ്‍സിലര്‍മാരായ കെ കമലാക്ഷി, എം പി ഭാസ്‌കരന്‍, കെ സജിത്ത്, വെള്ളോറ രാജന്‍, എ പി അജിത, എം പി മുഹമ്മദലി, കന്നിരിക്കന്‍ ശശീന്ദ്രന്‍, പ്രകാശന്‍, കരിക്കന്‍ രവീന്ദ്രന്‍, എം പി ശ്രീനാഥ്, ഷഹറാസ്, കെ ബാലകൃഷ്ണന്‍, പി വി പ്രദീപന്‍, കെ പി പ്രദീപന്‍, കെ ശശീധരന്‍ എന്നിവര്‍ ചേലോറ, എളയാവൂര്‍, തോട്ടട, തയ്യില്‍, തെക്കി ബസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചു.
- Log in to post comments