Skip to main content

ഡെങ്കിപ്പനി പ്രതിരോധം: വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം ജൂണ്‍ 19ന് കലക്ടറേറ്റും പരിസരവും ശുചീകരിക്കും

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊതുകുകള്‍ പെരുകുന്നത് തടയുന്നതിന് ഉറവിട നശീകരണം നടത്തണം. ഇതിന്റെ തുടക്കമെന്ന നിലയില്‍ ജൂണ്‍ 19ന് സിവില്‍ സ്റ്റേഷനും പരിസരവും അതാത് ഓഫീസ് മേലധികാരികളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. തുടര്‍ന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനും ഉറവിട നശീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
താഴേത്തട്ടില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാര്‍ഡുതല ആരോഗ്യ-ശുചിത്വ സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഉറവിട നശീകരണത്തിന്റെ ഭാഗമായി ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ വര്‍ഷവും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക കാംപയിന്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഉറവിട നശീകരണത്തിന് സഹകരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണം നിയമം, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, പൊതുജനാരോഗ്യ നിയമം, പഞ്ചായത്ത്/ നഗരപാലിക ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് നിയമ നടപടി സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സാംക്രമികരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date