സംസ്ഥാനതല ന്യൂട്രിമിക്സ് പാചകമത്സരം ഒന്നാംസമ്മാനം ശ്രുതി ലജിന്
ദേശീയ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി അമൃതം ന്യൂട്രീമിക്സ് ഗുണഭോക്താക്കളായുള്ള ആറു മാസം മുതല്‍ മൂന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ക്കുവേണ്ടി നടത്തിയ സംസ്ഥാനതല പാചക മത്സരത്തില്‍ ഒന്നാംസ്ഥാനം ശ്രുതി ലജിന് കരസ്ഥമാക്കി. കണ്ണൂര്‍ റൂറല്‍ ഐസിഡിഎസ് പരിധിയിലെ ചിറക്കല്‍ പഞ്ചായത്ത് പനങ്കാവ് റൈസ്മില്‍ അങ്കണവാടിയിലെ ഗുണഭോക്താവിന്റെ അമ്മയാണ് ശ്രുതി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മാര്‍ച്ച് എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന വനിതാദിനാചരണ പരിപാടിയില്‍ വിതരണം ചെയ്യും.
ന്യൂട്രീമിക്സ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രുചികരവും പോഷകസമ്പന്നവുമായ ന്യൂഡില്‍സ്, മധുരപലഹാരം എന്നിവ ഉണ്ടാക്കിയാണ് മറ്റ് ജില്ലകളില്‍ നിന്നും വന്ന 27 പേരെ പിന്നിലാക്കി ശ്രുതി ലെജിന്‍ സമ്മാനം നേടിയത്. ന്യൂട്രീമിക്സിന്റെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ക്ക് അമ്മമാര്‍ക്കിടയില്‍ പ്രചാരണം നല്‍കുന്നതിനാണ് വകുപ്പ് മല്‍സരം ആസൂത്രണം ചെയ്തത്. കരമന എന്‍.എസ്.എസ് കോളേജിലായിരുന്നു മല്‍സരം.
പി.എന്‍.സി/389/2018
- Log in to post comments