Skip to main content

ഗെയിൽ പൈപ്പ്: കാറളം കർഷക സമിതി റിപ്പോർട്ട് സമർപ്പിക്കണം

കാറളം പഞ്ചായത്തിലെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപനവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ കമ്പനിയും ചെമ്മണ്ട പുളിയംപാടം കർഷക സമിതിയും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടറുടെ അനുമതി തേടും. ഇതു സംബന്ധിച്ച് കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകാൻ പാടശേഖര കർഷക സമിതിയോട് എ ഡി എം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചു. പാടശേഖര സമിതിയിലെ കർഷകർക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ ഗെയിൽ അധികൃതരും പാടശേഖര ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് എ ഡി എം റെജി പി ജോസഫ് കാറളം പഞ്ചായത്ത് കൃഷി ഓഫീസറോട് തൽസ്ഥിതി വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് നൽകാൻ നിർദേശിച്ചത്.
കാറളം പഞ്ചായത്തിലെ 38 ഏക്കർ വരുന്ന കൃഷി സ്ഥലത്തിൽ നിലവിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നഷ്ട പരിഹാര തുക നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിൽ 21 കോൾ പടവുകളിൽ ഗെയിൽ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് ധന സഹായം നൽകിയിട്ടുണ്ടെന്ന്, ഗെയിൽ പ്രതിനിധി യോഗത്തിൽ അറിയിച്ചു. കാറളം പഞ്ചായത്തിൽ 2018 ൽ 2.07 ലക്ഷം രൂപയും 2019 ൽ 5.48 ലക്ഷം രൂപയും നൽകി. 12,60,000 രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചിട്ടുള്ളതെന്നും ഗെയിൽ സ്‌പ്രെഡ് ഓഫീസർ ജോർജ് ആന്റണി പറഞ്ഞു. കാറളം പഞ്ചായത്ത് കൃഷി ഓഫീസർ കെ കെ വത്സല, പുളിയംപാടം കർഷക സമിതി പ്രസിഡന്റ് കെ കെ ഷൈജു, മറ്റ് കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date