Skip to main content

വായന ദിനത്തില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രം ഒരുക്കി ഇ @ മാരാരി

ആലപ്പുഴ: വായന ദിനത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠന കേന്ദ്രമൊരുക്കി ഇ @ മാരാരി. കലവൂര്‍ കാറ്റാടി വായന ശാലയില്‍ ആരംഭിച്ച പ്രാദേശിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. എ. എം ആരിഫ് എം. പി നിര്‍വഹിച്ചു. മാരാരിക്കുളം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഇ @ മാരാരിയുടെ പത്താമത്തെ കേന്ദ്രമാണിത്.
കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനും സാനിറ്റൈസര്‍, മാസ്‌ക്ക്, ഹാന്‍ഡ് വാഷ് തുടങ്ങിയ ഉപയോഗിക്കുന്നതിനും സൗകര്യങ്ങള്‍ പഠന കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രാദേശികമായി കണ്ടെത്തുന്ന മെന്റര്‍മാരും വിദ്യാഭ്യാസ വകുപ്പ് ചേര്‍ത്തല, ജില്ലയിലെ ബി. ആര്‍. സി യില്‍ നിന്നും ചുമതലപ്പെടുത്തുന്ന അധ്യാപകരും, സി. ആര്‍. സി കോര്‍ഡിനേറ്റര്‍മാരും കുട്ടികളുടെ സംശയ നിവാരണത്തിനും, പഠനത്തിനും നേതൃത്വം നല്‍കും.
പത്ത് കേന്ദ്രങ്ങളിലായി അഞ്ചു  മുതല്‍ 10 വരെ ക്ലാസുകളില്‍ 638 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. റ്റി മാത്യു അറിയിച്ചു. കാറ്റാടി വായനശാല ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച 42,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി എം. പി ക്ക് കൈ മാറി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, കലവൂര്‍ ഗവ. എച്ച്. എസ്. എസിലെ അധ്യാപകരായ ആശ, ഷീബ, കാറ്റാടി വായന ശാല പ്രസിഡന്റ് സി. എ ബാബു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

date