ആലുവയിലെ ഗതാഗത സംവിധാനത്തില്‍ മാറ്റം ഫലം വിലയിരുത്തി അന്തിമതീരുമാനം
കൊച്ചി: ആലുവ പട്ടണത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം പരിഷ്‌കരിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിറക്കി. സര്‍ക്കാര്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക, സ്‌കൂള്‍ യാത്രാസമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗതാഗതം പുനഃക്രമീകരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. പുതിയ ക്രമീകരണം ഒരു മാസം വിലയിരുത്തിയ ശേഷം ആര്‍.ടി.എ ബോര്‍ഡില്‍ അന്തിമതീരുമാനം കൈക്കൊള്ളും.
പുതിയ ക്രമീകരണങ്ങള്‍ ഇനി പറയുന്നു: 1. മാതാ തീയേറ്റര്‍ കവല മുതല്‍ പമ്പ് കവല വരെ ഇരുചക്ര, ത്രിചക്ര വാഹനങ്ങള്‍ക്ക് അനുമതി. 2. കാരോത്തുകുഴി ആശുപത്രിക്കവലയില്‍ നിന്നും മാര്‍ക്കറ്റ് കവലയിലെത്തി വലത്തോട്ട് തിരിഞ്ഞ് സെന്റ് ഡൊമിനിക്ക് പള്ളി, മസ്ജിദ് പോക്കറ്റ് റോഡ് വഴി ആശുപത്രിക്ക് മുന്നിലൂടെ റെയില്‍വെ സ്റ്റേഷന്‍ വരെ ഇരുചക്ര, ത്രിചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി. 3. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും മാര്‍ക്കറ്റ് കവല വരെ ഇരുചക്ര, ത്രിചക്ര വാഹനങ്ങള്‍ക്ക് അനുമതി.
ആര്‍.ടി.ഒയും ട്രാഫിക് പൊലീസുമാണ് ഗതാഗത ക്രമീകരണം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. നേരത്തെ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം സംബന്ധിച്ച് പരാതികളും ഭേദഗതി നിര്‍ദേശങ്ങളും ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 30ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളുമായും ചര്‍ച്ച നടത്തി. ഇന്നലെ വീണ്ടും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ആര്‍.ടി.എ ബോര്‍ഡ് അധ്യക്ഷന്‍ കൂടിയായ കളക്ടറുടെ ഉത്തരവ്. സാധാരണക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
- Log in to post comments