നിഷ്‌ക്രിയ ആസ്തി വികസനം - കശുവണ്ടി വ്യവസായത്തിന് വായ്പാ ലഭ്യമാക്കണം - എന്‍ കെ പ്രേമചന്ദ്രന്‍ എം പി
നിഷ്‌ക്രിയ ആസ്തി വികസനവുമായി ബന്ധപ്പെട്ട് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുളള ഇരുപതിനായിരം കോടി രൂപയുടെ വായ്പാ ആനുകൂല്യം കശുവണ്ടി വ്യവസായ മേഖലയ്ക്കായി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു. കോവിഡ് പാക്കേജിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അവലോകനം സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത സ്പെഷ്യല്‍ ഡിസ്ട്രിക്ട് ക്രെഡിറ്റ് കമ്മിറ്റിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് എം പി ഇക്കാര്യം ഉന്നയിച്ചത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ സുഗമമായ നടത്തിപ്പിന് സാമ്പത്തിക പാക്കേജുകള്‍ ക്രമീകരിക്കണം. പ്രവര്‍ത്തനം നിലച്ചതും എന്നാല്‍ പുനരുദ്ധാരണം സാധ്യമായതുമായ കശുവണ്ടി ഫാക്ടറികളെക്കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തി വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കാനുണ്ട്. പക്ഷേ ജില്ലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണം.
ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ധനകാര്യ പാക്കേജില്‍ അനുവദിച്ചിട്ടുളള സഹായ പദ്ധതികളും കശുവണ്ടി വ്യവസായത്തിന് പ്രയോജനപ്പെടുന്നവിധം വിനിയോഗിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി നിര്‍വഹണം, സുഭിക്ഷകേരളം പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ആര്‍ ബി ഐ-നബാര്‍ഡ്-ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികള്‍, കൃഷിവകുപ്പ്, കുടുംബശ്രീ, ക്ഷീരവികസന ഉദ്യോഗസ്ഥര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ റീന സൂസണ്‍ ചാക്കോ തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ നമ്പര്‍ 1715/2020)
- Log in to post comments