സ്കൂള്‍ ശൗചാലയങ്ങള്‍ ഇനി ക്ലീനാകും; വാട്ടര്‍ ജെറ്റ് ക്ലീനറുകള്‍ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്
സ്കൂളുകളിലെ വൃത്തിഹീനമായ ശൗചാലയങ്ങള്‍ ഇനി പഴങ്കഥ മാത്രമാകും. ശുചിമുറികള്‍ വൃത്തിയാക്കാന്‍ ഇനി വാട്ടര്‍ ജെറ്റ് ക്ലീനറുകളുണ്ട്. ശുചീകരണത്തിനായി കൈകള്‍ ഉപയോഗിക്കുകയോ കൂടുതല്‍ സമയം ചെലവിടുകയോ വേണ്ട. കോവിഡ് 19 ഉം മഴക്കാല രോഗങ്ങളും ഭീതി പരത്തുന്ന സാഹചര്യത്തില്‍ സ്കൂള്‍ പരിസരവും ശുചിമുറികളും വൃത്തിയായി സൂക്ഷിക്കേണ്ട ഘട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ ആധുനിക സംവിധാനം ഒരുക്കിയത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 73 ഗവ.സ്കൂളുകള്‍ക്കാണ് ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ക്ലീനറുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. കണ്ണാടിപറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ രാധാകൃഷ്ണന്, ഹെഡ്മിസ്ട്രസ് സി കെ ഗീത, പി ടി എ പ്രസിഡണ്ട് പി പി ശശിരാജന്‍ എന്നിവര്‍ക്ക് വാട്ടര്‍ ജെറ്റ് ക്ലീനറുകള്‍ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശൗചാലയങ്ങളില്‍ ക്ലീനറുകള്‍ കൂടി ലഭ്യമാക്കുന്നതോടെ സ്കൂളുകളിലെ ടോയ്ലറ്റ് സംവിധാനത്തില്‍ വലിയ മാറ്റം തന്നെ സൃഷ്ടിക്കുമെന്ന് കെ വി സുമേഷ് പറഞ്ഞു.
സ്കൂള്‍ ശൗചാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ശുചിത്വ ക്യാമ്പയിന്റെ ഭാഗമായാണ് ക്ലീനറുകള്‍ നല്‍കുന്നത്. ക്യാമ്പയിന്റെ ആദ്യപടിയായി സ്കൂളുകളില്‍ മോപ്പ്, ചൂല്, ബ്രഷ്, ഗ്ലൗസ്, ഫിനോയില്‍, മറ്റ് ക്ലീനിങ്ങ് ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങുന്ന ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സ്കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സ്കൂളുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപരിപാലനം, സുരക്ഷിതമായ വെള്ളം, ശുചിമുറികള്‍, വൃത്തിയുള്ള പരിസരം തുടങ്ങി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചത്. പല സ്കൂളുകളിലും ശൗചാലയ ശുചീകരണത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതിയെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്യുകയും ശൗചാലയ സൗകര്യമില്ലാത്ത സ്കൂളുകള്‍ക്ക് അവ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തത്.
ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, പി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു
- Log in to post comments