Skip to main content

ജില്ലയില്‍ ബാങ്കുകള്‍ 7585 കോടി രൂപ വായ്പ നല്‍കും

 

 ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ 7585 കോടി രൂപ വായ്പ നല്‍കാന്‍ തീരുമാനിച്ചു.  പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാകളക്ടര്‍ പി.ബി. നൂഹ് അധ്യക്ഷനായ ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം.  യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം  ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ  പ്രവര്‍ത്തനം അവലോകനം ചെയ്തു. കാര്‍ഷിക മേഖലയില്‍ 2000 കോടി രൂപയും, പശു  വളര്‍ത്തല്‍, ആടുവളര്‍ത്തല്‍ ഉള്‍പ്പെടെ  കാര്‍ഷികേതര മേഖലയില്‍  259 കോടി രൂപയും  വ്യവസായ മേഖലയില്‍ 384 കോടി രൂപയും  ഭവനം, വിദ്യാഭ്യാസം മേഖലയില്‍  771 കോടി രൂപയും ഉള്‍പ്പെടെ മുന്‍ഗണന മേഖലയില്‍ 3250 കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് കഴിഞ്ഞു. അടുത്തവര്‍ഷം 7585 കോടി രൂപ വായ്പ നല്‍കുന്നതിനുള്ള പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ എംഎല്‍എമാരായ വീണാജോര്‍ജ്, രാജു എബ്രഹാം, എഡിഎം അലക്സ് പി തോമസ്, നബാര്‍ഡ് എജിഎം വി കെ പ്രേംകുമാര്‍, എസ്ബിഐ   റീജിയണല്‍ മാനേജര്‍ പ്രദീപ് നായര്‍, ലീഡ്ബാങ്ക്  മാനേജര്‍  വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.  

      കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് തെരെഞ്ഞെടുത്ത  പ്രമുഖ ബാങ്കുകളുടെ ജില്ലാതല അധികാരികള്‍, ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറി, പ്ലാനിങ് ഓഫീസര്‍, ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, മൃഗ സംരക്ഷണ ഡയറി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ ജില്ലാതല ഉദ്യോഗസ്ഥര്‍, കെഎസ്എസ്ഐഎ  ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍  പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യവസായികള്‍ക്കു നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് വായ്പ, കുടുമബശ്രീ വഴി നല്‍കുന്ന മുഖ്യമന്ത്രിയുടെ സഹായ പദ്ധതി, വഴിയോരക്കച്ചവട ക്കാര്‍ക്കുള്ള വായ്പ, പശു വളര്‍ത്തല്‍ ആവശ്യത്തിന് നല്‍കുന്ന നാലു ശതമാനം പലിശ വായ്പ, സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ എന്നിവ യോഗം വിലയിരുത്തി. ബജറ്റ് അനുസരിച്ച് കൂടുതല്‍ വായ്പ നല്‍കാനും യോഗം തീരുമാനിച്ചു. 

date