Skip to main content

മൂന്ന് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കും: വീണാ ജോര്‍ജ് എംഎല്‍എ

ആറന്മുള നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ ആറന്മുള, ചെന്നീര്‍ക്കര, കുളനട വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി റവന്യു വകുപ്പില്‍ നിന്നാണ് ഭരണാനുമതി ലഭിച്ചത്. ഓരോ വില്ലേജ് ഓഫീസിനെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന് 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍  ആക്കി മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും, റവന്യു വകുപ്പ് മന്ത്രിക്കും വീണാ ജോര്‍ജ് എംഎല്‍എ  നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ക്കും, ജീവനകാര്‍ക്കും പ്രത്യേകം ക്യാബിനുകള്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, സാധാരണ ശുചിമുറികള്‍ക്ക് പുറമെ ഭിന്നശേഷികാര്‍ക്ക് പ്രത്യേകം ശുചി മുറികളും, റാമ്പ് സൗകര്യങ്ങളും, സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നത്. പദ്ധതി അടിയന്തിരമായി ടെന്‍ഡര്‍ ചെയ്യുന്നതിന് സംസ്ഥാന നിര്‍മിതി കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
 

 

date