Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതി

 

 

 

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒളവണ്ണ, മാവൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളെ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

2024 മാര്‍ച്ച് 31 ന് മുമ്പായി സംസ്ഥാനത്തെ എല്ലാ ഗ്രാമീണര്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജിക്ക പൈപ്പ് ലൈനുകളും ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളും ടാങ്കുകളും കെ.ഡബ്ല്യു.എ ലൈനുകളും ജലവിതരണത്തിന് സജ്ജമായതും
 വേഗത്തില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നതുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കിയത്.

ഇപ്പോള്‍ തെരഞ്ഞെടുത്ത മൂന്ന് പഞ്ചായത്തുകളില്‍ 2021 മാര്‍ച്ച് 31 ന് മുമ്പായി കുന്ദമംഗലത്ത് 5,261, മാവൂരില്‍ 3,825, ഒളവണ്ണ 10,435 എന്ന ക്രമത്തില്‍ ആകെ 19,521 കണക്ഷനുകളാണ് ആദ്യ ഘട്ടമായി നല്‍കുക. ഒരു വര്‍ഷത്തിനകം  കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 14.73 കോടി, മാവൂര്‍ 10.7 കോടി, ഒളവണ്ണ 31.21 കോടി എന്ന ക്രമത്തില്‍ ആകെ 56.64 കോടി രൂപ ചെലവ് വരും.

2021 ഏപ്രില്‍ 1 മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ബാക്കി വരുന്ന പ്രദേശങ്ങളിലും  പദ്ധതി വഴി കുടിവെളള കണക്ഷന്‍ ലഭ്യമാക്കും.

ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗ്രാമപഞ്ചായത്തുകളിലേയും ഭരണസമിതി അംഗങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുന്നതിന് ബന്ധപ്പെട്ട യോഗങ്ങളിലേക്ക് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ അയക്കാന്‍ ഇതുസംബന്ധിച്ച്
എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.

കേരളാ വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി ജമാല്‍ പദ്ധതി  വിശദീകരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീനവാസുദേവന്‍, സെക്രട്ടറി കെ.പി.എം നവാസ്, മാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  വളപ്പില്‍ റസാഖ്, സെക്രട്ടറി എം. ബിജേഷ്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
മനോജ് പാലത്തൊടി, അസി. സെക്രട്ടറി കെ. അനൂപന്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.വി ബാലന്‍നായര്‍, കെ.കെ ജയപ്രകാശന്‍, അസി. എക്സി. എഞ്ചിനീയര്‍മാരായ സി. ജിതേഷ്, കെ. നാരായണന്‍, എം.സി വിനുകുമാര്‍, കെ.ഡബ്ല്യു.എ,
ജിക്ക ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

date