Skip to main content

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി  കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം - വിദ്യാഭ്യാസമന്ത്രി

എല്ലാ സ്‌കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സീമാറ്റ്-കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെയും അധ്യാപകരുടെ എല്ലാവരുടേയും കൂട്ടായ്മയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായി. ഇങ്ങനെ സ്വകാര്യ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ചെത്തിയവര്‍ക്ക് മികച്ച പഠനാനുഭവം നല്‍കാനാകണം. എന്നാലേ, കൂടുതല്‍ കുട്ടികളെ അടുത്തവര്‍ഷം ആകര്‍ഷിക്കാനാകൂ. അക്കാദമിക മികവ് ഉറപ്പാക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടം പ്രധാനമാണ്. 

ജനകീയ വിദ്യാഭ്യാസം നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാവരുടേയും അഭിപ്രായങ്ങളും പ്രയാസങ്ങളും മനസിലാക്കണം. പുസ്തകങ്ങള്‍ എല്ലാ സ്‌കൂളുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കണം. 

അടുത്ത ഫെബ്രുവരി ഒന്നിന് എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് അവതരിപ്പിക്കും. ഇതിനായി ജനുവരിയില്‍ തന്നെ സ്‌കൂളുകള്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

സ്‌കൂളുകള്‍ക്കൊപ്പം ആകുന്നതിനൊപ്പം എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളും ഹൈടെക് ആകും. അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നേതൃത്വം വഹിക്കാനും ഉദ്യോഗസ്ഥര്‍ക്കാകണം. 

വിദ്യാലയങ്ങളില്‍ ജനകീയമായ അനുഭവമുണ്ടാക്കാന്‍ കഴിയണം. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ തയാറാണ്. അത് കൃത്യമായി ഉപയോഗിക്കാനാകണം. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറിയും ഹൈസ്‌കൂളുകളും ഹൈടെക്കാകും. യു.പി, എല്‍.പി വിഭാഗങ്ങള്‍ 2018-19 വര്‍ഷം ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കും. 

കാമ്പസ് ഒരു പാഠപുസ്തകം എന്നത് ലക്ഷ്യമാക്കി ജൈവ വൈവിധ്യ പാര്‍ക്കുകളും ടാലന്റ് ലാബുകളും സ്‌കൂളുകളില്‍ വരാന്‍ മുന്‍കൈയെടുക്കണം. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സീമാറ്റ് ഡയറക്ടര്‍ ഡോ. ലാല്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം കണ്‍സള്‍ട്ടന്റ് ഡോ. സി. രാമകൃഷ്ണന്‍, എ.ഡി.പി.ഐ ജെസി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4768/17

date