Skip to main content

മഴക്കാല തയ്യാറെടുപ്പ്: ജില്ല സജ്ജമെന്ന് വിലയിരുത്തൽ

ജില്ലയിലെ മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാതല യോഗം വിലയിരുത്തി. കാലവർഷം രൂക്ഷമാവുകയും വെളളക്കെട്ട് ഉണ്ടാവുകയും ചെയ്താൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 809 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നാലുതരം ക്യാമ്പുകളാണ് ഒരുക്കുന്നത്. ഇതിൽ കോവിഡ് രോഗലക്ഷണങ്ങൾ ഉളളവരെയും ഹോം ക്വാറന്റീൻ കഴിയുന്നവരേയും മാറ്റിപ്പാർപ്പിക്കുന്നതിനുളള ക്യാമ്പുകൾ കൂടുതലായി ഒരുക്കാൻ ചാലക്കുടി, കൊടുങ്ങല്ലൂർ, തലപ്പിളളി, കുന്നംകുളം, മുകുന്ദപുരം തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. കൂളിമുട്ടം, എറിയാട്, എടവിലങ്ങ്, അഴീക്കോട്, ഏങ്ങണ്ടിയൂർ, കടപ്പുറം, വാടാനപ്പിളളി, പുന്നയൂർകൂളം തുടങ്ങിയ വില്ലേജുകളിൽ കടൽക്ഷോഭം പ്രതിരോധിക്കുന്നതിന് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കും. 2018, 19 ലെ പ്രളയം ഏറ്റവുമധികം നാശംവിതച്ച പഞ്ചായത്തുകളിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതിയുണ്ടാക്കും. ഇവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കും. മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിലും പ്രത്യേകം ക്രമീകരണങ്ങൾ ഉണ്ടാകും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും.
ജില്ലാ കളക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, തദ്ദേശസ്ഥാപന മേധാവികൾ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

date