Skip to main content

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയിൽ ഒന്നാമത്

 

*ഇനി ഇംഹാൻസിന്റെ സേവനവും ലഭ്യമാണ്

 

വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിൻ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇ-സഞ്ജീവനിയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കോവിഡ് കാലത്ത് വലിയ സേവനമാണ് നൽകാൻ ശ്രമിക്കുന്നത്. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടർമാരേയും ഉൾപ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് അഥവാ ഇംഹാൻസുമായി സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇംഹാൻസ് ഇ-സഞ്ജീവനിയുമായി ചേർന്ന് ഡോക്ടർമാർക്കായി പരിശീലനങ്ങൾ സംഘടിപ്പിക്കുകയും ഒപി സേവനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രണ്ട് ഒപികളാണ് ഇ സഞ്ജീവനിയുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. ഇംഹാൻസ് റെഗുലർ, സൈക്യാട്രി ഒപി സേവനങ്ങൾക്ക് പുറമേ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കുകളും ഉണ്ടായിരിക്കുന്നതാണ്. കോവിഡ് കാലത്ത് തുടർ ചികിത്സക്കായി ഇംഹാൻസ് ഒപിയിലേക്ക് വരുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. പുതുതായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ചികിത്സാ നിർദ്ദേശങ്ങൾക്കായി ആശ്രയിക്കാവുന്ന മികച്ചൊരു ഓൺലൈൻ ഒപി പ്ലാറ്റ്ഫോമാണിത്. ഈ സേവനങ്ങൾ ഏവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ കുട്ടികൾക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും ബുധനാഴ്ച മുതിർന്നവർക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും പ്രവർത്തിക്കും. പുതുതായി രജിസ്റ്റർ ചെയ്യുന്നതിനും ഇംഹാൻസിൽ ചികിത്സയിലുള്ളവർക്ക് തുടർ ചികിത്സയ്ക്കും ഉപയോഗിക്കാൻ സാധിക്കും. തികച്ചും സർക്കാർ സംരഭമായ ഇ-സഞ്ജീവനിയിൽ നൽകുന്ന ഓരോ വിവരങ്ങളും സുരക്ഷിതമായിരിക്കും. മഹാമാരി കാലത്തെ പതിവ് ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഇതിലൂടെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ആർസിസി, എംസിസി തുടങ്ങിയ സ്ഥാപനങ്ങൾ ഇ-സഞ്ജീവനിയുമായി കൈകോർത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളാൽ ക്ലേശത അനുഭവിക്കുന്ന വ്യക്തികൾ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ പതിവ് ചികിത്സകൾക്കായി ആശ്രയിക്കണം.

വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ https://esanjeevaniopd.in/kerala എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 നമ്പരിൽ ബന്ധപ്പെടണം.  

 

പി.എൻ.എക്സ്. 2421/2020

date