റേഷന്‍ വ്യാപാരികളുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി- ഭക്ഷ്യമന്ത്രി
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികളുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കേജ് പ്രകാരം സംസ്ഥാനത്ത് പ്രതിമാസം 45 ക്വിന്റല്‍ എങ്കിലും വില്പന നടത്തുന്ന റേഷന്‍ വ്യാപാരികള്‍ക്ക് കുറഞ്ഞത് 16,000 രൂപ പ്രതിഫലം ലഭിക്കും. പ്രതിമാസം 45 ക്വിന്റല്‍ അളവില്‍ വില്പന നടത്തുന്നതിന് ധാന്യം ലഭ്യമല്ലാത്ത കടകളുടെ പുന:ക്രമീകരണം 2018 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും. കടകളില്‍ (ഇലക്ട്രോണിക് പോയിന്റ് ഓഫ്‌സെയില്‍) യന്ത്രം സ്ഥാപിക്കുന്ന മുറയ്ക്ക് പാക്കേജ് നടപ്പിലാക്കി തുടങ്ങും. കടകളില്‍ യന്ത്രം സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. 2018 ഫെബ്രുവരിയോടെ പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു. പാക്കേജ് നടപ്പിലാക്കുന്നതുവരെ നിലവിലെ നിരക്കിലുളള പ്രതിഫലം തുടരും. വാതില്‍പ്പടി വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കും. കൃത്യമായ തൂക്കം നല്‍കാത്ത സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാപാരികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. റേഷന്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ ആക്കുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരി സംഘടനകള്‍ നടത്തി വന്ന കടയടപ്പുസമരം പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.4769/17
- Log in to post comments