മുട്ടഗ്രാമം പദ്ധതിയുമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: പച്ചക്കറി കൃഷിയിലും നെല്‍ കൃഷിയിലും നേട്ടം കൊയ്തതിനു പിന്നാലെ കുടുംബശ്രീ വനിതകള്‍ക്കായി മുട്ട ഗ്രാമം പദ്ധതിയുമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് അഞ്ച് കുടുംബശ്രീ അംഗങ്ങളുള്ള 14 ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് തല യോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയത്. പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് ഓരോ ഗ്രൂപ്പും പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നത്.
ഓരോ ഗ്രൂപ്പിനും 45 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. ഒരു ഗ്രൂപ്പിന് 24 കോഴികുഞ്ഞുങ്ങള്‍ വീതം നല്‍കും. കൂടാതെ മെഡിസിന് കിറ്റ്, മുട്ട ഇടുന്നത് വരെയുള്ള തീറ്റ, കൂട് എന്നിവയും പദ്ധതിയുടെ ഭാഗമായി ഗ്രൂപ്പുകള്‍ക്ക് നല്‍കും. 14 ലക്ഷമാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ ഒരു ഗ്രൂപ്പിന് ഒരു ലക്ഷം രൂപ വീതം നല്‍കും. തുക സിഡിഎസ് തന്നെ ബാങ്കില്‍ നിന്നും നേരിട്ട് ലോണ്‍ എടുത്തു നല്‍കുകയാണ് ചെയ്യുന്നതെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ ധനലക്ഷ്മി പറഞ്ഞു. മുട്ടക്കോഴി കൃഷിക്ക് ആവശ്യമായ കൂടുകളുടെ വിതരണം ഇനികം നടന്നു കഴിഞ്ഞു. ഈ ആഴ്ച്ച കോഴികുഞ്ഞുങ്ങളേയും ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്യും
- Log in to post comments