വലിയതോടിന്റെ പുനരുജ്ജീവന പ്രവർത്തങ്ങൾക്ക് ഇന്ന് തുടക്കമാകും
ആലപ്പുഴ : പത്തു വർഷത്തിലധികമായി മലിനമായി കിടക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വലിയതോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് ഇന്ന് ( 10/7/2010) തുടക്കമാകും. ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എ. എം ആരിഫ് എം. പി ഉച്ചക്ക് 2.30 -ന് നിർവഹിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വലിയ തോടിന്റെ മാലിന്യം നീക്കി ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. വലിയതോട് മുതൽ ചെത്തി പൊഴി വരെയുള്ള തോടാണ് നവീകരിക്കുന്നത്. തോട് വൃത്തിയാക്കുന്നതിലൂടെ പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ് കുമാർ പറഞ്ഞു.
പ്രദേശത്തെ ആളുകളുടെ നിത്യ ആശ്രയമായിരുന്ന തോട് ക്രമേണ മാലിന്യകേന്ദ്രമായി മാറുകയായിരുന്നു. അടിത്തട്ട് മലിനമായതോടെ അടിയൊഴുക്കില്ലാതെ ഉപയോഗ ശൂന്യമായ തോടുകൾ വൃത്തിയാക്കുക എന്നുള്ള പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് പ്രാവര്‍ത്തികമാകുന്നത്.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തോടിന്റെ ഇരുകരകളും ഒന്നേകാൽ കിലോമീറ്റർ കല്ലുകെട്ടി സംരക്ഷിക്കും. ആഴം കൂട്ടൽ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു നടത്തും. 1.65 ലക്ഷമാണ് പദ്ധതി ചെലവ്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ടി മാത്യു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ് കുറുപ്പ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ രമണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പ്രകാശൻ, പഞ്ചായത്ത് അംഗം സി.വി മനോഹരൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സജീവ്, പഞ്ചായത്ത് സെക്രട്ടറി ഇ ക്‌ളീറ്റസ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments