ദുരന്തനിവാരണ ആസൂത്രണ രേഖ സമര്‍പ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കേണ്ട 'നമ്മള് നമുക്കായി' ദുരന്ത പ്രതികരണ ആസൂത്രണരേഖ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലാ പ്ലാനിങ് കമ്മിറ്റിക്കു സമര്‍പ്പിച്ചു. 2004ലെ സുനാമി, 2009ലെ വെള്ളപ്പൊക്കം എന്നീ പ്രകൃതിദുരന്തങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കാലാവസ്ഥാവ്യതിയാനം ,ദുരന്ത സാധ്യതകളുടെ വിശകലനം, ദുരന്ത മുന്നൊരുക്കം, അപകട ലഘൂകരണം, സാമൂഹ്യ ശാക്തീകരണം, ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍, ദുരന്ത മുഖത്ത് അത്യാവശ്യമുള്ള ഫോണ്‍ നമ്പറുകള്‍, എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ രേഖയാണ് സമര്‍പ്പിച്ചത്.
ദുരന്തം വരാന്‍ സാധ്യതയുള്ള വിവിധ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടവും ദുരന്തം വന്നാല്‍ സ്വീകരിക്കേണ്ട നടപടികളും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ടാക്കുന്ന മാറ്റം സംബന്ധിച്ച് ഗ്രാമസഭകളില്‍ ചര്‍ച്ച നടത്തി പഞ്ചായത്ത് പ്രാദേശിക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. കൂടാതെ ദുരന്തമുഖത്ത് സാമൂഹിക സാന്നിധ്യം ഉറപ്പു വരുത്തുന്നതിന് 'ജീവതാളം' പദ്ധതിയില്‍ 30 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണം സംബന്ധിച്ച് പരിശീലനം നല്‍കിയിരുന്നു. തുടര്‍ പരിശീലനം പൊതു ജനങ്ങള്‍ക്ക് നല്കുന്ന ഘട്ടത്തിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പദ്ധതി സമര്‍പ്പണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് ദുരന്തനിവാരണ ആസൂത്രണ രേഖ അവതരിപ്പിച്ചു.
- Log in to post comments