അന്താരാഷ്ട്ര വനിതാ ദിനം: 'സധൈര്യം മുന്നോട്ട്' മാര്‍ച്ച് എട്ട് മുതല്‍ 14 വരെ
2018 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് മുതല്‍ 14 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'സധൈര്യം മുന്നോട്ട്' എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., കുടുംബശ്രീ മുതലായ വകുപ്പുകളും എല്ലാ വനിതാ സംഘടനകളും ഒന്നായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കും.
മാര്‍ച്ച് എട്ടിന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017ലെ വനിതാരത്‌ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡിന് മേരി എസ്തപ്പാന്‍, വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്കുള്ള ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡിന് ലളിത സദാശിവന്‍, സാഹിത്യ രംഗത്തെ സംഭാവനകള്‍ക്കുള്ള കമലാ സുരയ്യ അവാര്‍ഡിന് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്ര രംഗത്തെ സംഭാവനയ്ക്കുള്ള ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി.മേനോന്‍, ആരോഗ്യ രംഗത്തെ സംഭാവനയ്ക്കുള്ള മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡിന് കെ. ശര്‍മ്മിള, മാധ്യമ രംഗത്തെ സംഭാവനയ്ക്കുള്ള ആനി തയ്യില്‍ അവാര്‍ഡിന് കൃഷ്ണകുമാരി എ, കായികരംഗത്തെ സംഭാവനയ്ക്കുള്ള കുട്ടിമാളു അമ്മ അവാര്‍ഡിന് ബെറ്റി ജോസഫ്, അ'ിനയരംഗത്തെ മികവിനുള്ള സുകുമാരി അവാര്‍ഡിന് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനുള്ള ആനി മസ്‌ക്രിന്‍ അവാര്‍ഡിന് രാധാമണി ടി. എന്നിവരാണ് അര്‍ഹരായത്.
ഇതോടൊപ്പം ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ക്കും മികച്ച അങ്കണവാടിക്കും ഉള്ള പുരസ്‌കാരങ്ങളും അമൃതം ന്യൂട്രിമിക്‌സ് പാചക മത്‌സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
മാര്‍ച്ച് എട്ട് മുതല്‍ 14 വരെ വനിതാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ദിവസവും മൂന്ന് മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി തുറന്ന സംവാദവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ നടത്തും. കൂടാതെ എട്ടാം തീയതി മുതല്‍ കേരള സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ റാലി എല്ലാ ജില്ലകളും കടന്ന് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക്യാന്‍വാസില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പെയിന്റിംഗും നടത്തും. 12ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും, കേരള വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗാനമേളയും 13ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ തിയറ്ററില്‍ 'ഹിഡുംബി' നാടകവും അരങ്ങേറും.
14ന് വൈകുന്നേരം ആറിന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് അന്നത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം എട്ട് മുതല്‍ 14 വരെ ജില്ലകളിലെ വനിതാ ശിശു വികസനം, സാമൂഹ്യനീതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. വനിതാ ശിശു വികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ്, നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. നിശാന്തിനി, ജന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.839/18
- Log in to post comments