Skip to main content

ആര്‍ത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട; സ്‌കൂളില്‍ കൂട്ടായി ഷീ പാഡ്

വിദ്യാര്‍ത്ഥിനികള്‍ക്ക് ആശങ്കരഹിതമായ ആര്‍ത്തവദിനങ്ങള്‍ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതല്‍ 12 ാം  ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകള്‍, സൂക്ഷിക്കുന്നതിന് അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനേറ്ററുകള്‍ എന്നിവ  വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.  ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ,  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രിന്‍സിപ്പല്‍ വി. ശ്രീകലക്ക് ഇന്‍സിനേറ്റര്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.  
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തികച്ചും ശാസ്ത്രീയമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  

പാഡുകളുടെ ലഭ്യതകുറവും ആര്‍ത്തവ ദിവസങ്ങളെകുറിച്ചുള്ള അമിതമായ ഉത്കണ്ഠയും കുട്ടികളില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരത്തില്‍ ചില സ്‌കൂളുകളില്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പോരായ്മകളുണ്ടായിരുന്നതായി കണ്ടെത്തിയെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി അറിയിച്ചു. അത്തരം പോരായ്മകള്‍ പരിഹരിച്ചശേഷമാണ്  വനിതാവികസന കോര്‍പ്പറേഷന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നവീന രീതിയില്‍ ആവിഷ്‌കരിച്ച്  ഷീ പാഡ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 144 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

ആര്‍ത്തവം ജൈവശാസ്ത്രപരമായ ശാരീരിക പ്രക്രിയ മാത്രമാണെന്നും അശുദ്ധമായി കാണേണ്ടതില്ലെന്നും രഹസ്യമാക്കി വെയ്‌ക്കേണ്ടതില്ലെന്നും മന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു.
ആര്‍ത്തവ ശുചിത്വ അവബോധം നല്‍കുന്നതിന് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് തയ്യാറാക്കിയ ലഘുലേഖ ഹെഡ്മാസ്റ്റര്‍  യു. മധുസൂദനന്‍ നായര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.എസ്. സലീഖ, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസഡിന്റ് എല്‍.വി അജയകുമാര്‍, പഞ്ചായത്തംഗം ശ്രീകല എസ്, വനിതാവികസന കോര്‍പ്പറേഷന്‍  ഡയറക്ടര്‍ ബിന്ദു വി.സി, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ടി. രാജശേഖര്‍ വനിതാവികസന കോര്‍പ്പറേഷന്‍ മെമ്പര്‍മാരായ ഗീനാകുമാരി, അന്നമ്മ പൗലോസ്, ടി.വി മാധവിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4780/17

date