തിരുവല്ല നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും
ജില്ലയില്‍ കോവിഡ് 19 രോഗബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും. മാത്യു.ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വീഡിയോകോണ്‍ഫറന്‍സ് യോഗത്തിലാണ് നിയോജകമണ്ഡലത്തില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്.
നഗരസഭ പ്രദേശത്ത് 250 ബെഡും, പഞ്ചായത്ത് പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞത് 100 ബെഡും വീതം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം തിരുവല്ലയില്‍ 1350 ബെഡുകള്‍ കണ്ടെത്താനാകുമെന്ന് മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് എല്ലാ പഞ്ചായത്തുകളും രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കൂടുതല്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുമ്പോള്‍ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാനും ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കാനും ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്കി.
ജില്ലയിലെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളുടെ മേല്‍നോട്ടത്തിനായി സര്‍ക്കാര്‍ നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ എസ്. ചന്ദ്രശേഖറിന്റെയും തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെയും സാന്നിധ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗം ചേര്‍ന്നത്. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍, എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, തിരുവല്ല തഹസില്‍ദാര്‍ മിനി. കെ. തോമസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യു, കെഎസ്ഇബി, പോലീസ്, ആര്‍ടിഒ, വാട്ടര്‍ അതോറിറ്റി, പിഡബ്ല്യുഡി എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments