കോവിഡ്19 പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് ഇനിയില്ല: എ.എം.ആരിഫ് എം.പി.
ആലപ്പുഴയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ, കോവിഡ്-19 ശ്രവ പരിശോധനയ്ക്കുള്ള 35 ലക്ഷത്തോളം വിലവരുന്ന ഒരു അത്യാധുനിക ഓട്ടോമാറ്റിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്റ്റർ മെഷീൻ കൂടി ലഭ്യമാക്കിയതോടെ പരിശോധനാഫലത്തിനായുള്ള കാത്തിരിപ്പ് ഉടൻ ഇല്ലാതാകുമെന്ന് എ.എം. ആരിഫ് എം.പി. അറിയിച്ചു. ഇത് പ്രവർത്തിപ്പിക്കുന്നതിനായി പുതിയതായി ഒൻപത് ജീവനക്കാരെക്കൂടി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗവൺമെന്റ് ടി.ഡി.മെഡിക്കൽ കോളേജിൽ പ്രതിദിനം 100 പരിശോധനകൾക്കായുള്ള ആർ.ടി.പി.സി.ആർ സംവിധാനം കൂടി പുതിയതായി ഏർപ്പെടുത്തിയതോടെ, ജില്ലയിൽ നിലവിൽ പ്രതിദിനം 400 പരിശോധനകൾ നടത്തുന്നത് 1000 ആയി ഉയർത്താൻ സാധിക്കുമെന്നും കഴിഞ്ഞ നാലു ദിവസമായി പരിശോധിക്കാൻ ബാക്കിയുള്ള ശ്രവ സാമ്പിളുകളുടെ ഫലം ഈ ആഴ്ചകൊണ്ടുതന്നെ ലഭ്യമാകുമെന്നും എം.പി.വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ നിന്നും വരുന്ന സാമ്പിളുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത ആഴ്ചമുതൽ ശ്രവപരിശോധനാഫലം തൊട്ടടുത്തദിവസം തന്നെ ലഭ്യമാകും. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ നടന്ന ഓൺലൈൻ അവലോകനയോഗത്തിൽ ജനപ്രതിനിധികൾ ഉയർത്തിയ ആവശ്യപ്രകാരം സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖാന്തരം യന്ത്രങ്ങൾ അടിയന്തരമായി ലഭ്യമാക്കിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചർക്കുള്ള നന്ദി അറിയിക്കുന്നതായും എം.പി. പത്രക്കുറിപ്പിൽ വ്യക്തമാക്കി.
- Log in to post comments