Skip to main content

ഐടിബിപി: കോവിഡ് വ്യാപന നിയന്ത്രണപ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടം

 

ആലപ്പുഴ നൂറനാട് ഐ. ടി .ബി .പി ക്യാമ്പില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്‍ റെ ഭാഗമായി ജില്ലാഭരണകൂടം പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറത്തിറക്കി. ഇവിടുത്തെ കോവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും ജില്ലാഭരണകൂടം എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ കോവിഡ് ബാരക്ക് പൂര്‍ണമായി ഒഴിപ്പിക്കുകയും ബാരക്കില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.  120 ബെഡുകളാണ് ഇവിടെ ഉണ്ടാവുക. ക്യാമ്പിലെ എല്ലാവര്‍ക്കും വ്യക്തിപരമായ ക്വാറന്റൈന്‍ ഉറപ്പാക്കിയിട്ടുണ്ട്. സമീപത്തുള്ള ശ്രീബുദ്ധഎഞ്ചിനീയറിംഗ് കോളേജ്, വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജ്, ഐഎച്ച്ആര്‍ഡി എന്നിവയുടെ ഹോസ്റ്റലുകള്‍ ഇവര്‍ക്ക് ക്വാറന്റീനിനായി എറ്റെടുത്തിട്ടുണ്ട്. 280 പേരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരുടെയും സ്രവപരിശോധന നടത്തുന്നതിന് നടപടി എടുത്തിട്ടുണ്ട്. പല ഘട്ടങ്ങളിലായാണ് ഇവരുടെ സ്രവ പരിശോധന നടത്തുക. കാമ്പസിനകത്തു നിലവിലുള്ളവരുടെ പരിശോധനയ്ക്കുപുറമെ,  ക്വാറന്റീനിലുള്ള ഐടിബിപി ഉദ്യോഗസ്ഥരുടെയും ക്യാമ്പിനുപുറത്ത് നൂറനാട്, താമരക്കുളം, പാലമേല്‍ പഞ്ചായത്തുകളില്‍ വീടുകളില്‍ താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെയും സ്രവപരിശോധന നടത്തും. അവസാനഘട്ടത്തില്‍ ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ ക്വാറന്റൈനിലുള്ളവരുടെയും സ്രവപരിശോധന നടത്തും. 

 

 

ക്യാമ്പിനോട്  ചേര്‍ന്ന് കെ സി എം നേഴ്‌സിങ് കോളേജില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0479 2382445 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. ഐടിബിപി ക്യാമ്പിനു സമീപത്തുള്ള തദ്ദേശീയരുടെ ആരോഗ്യപരിശോധനക്ക് നോഡല്‍ ഓഫീസറായി ഡോ വിദ്യയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. 

 

കൂടാതെ ഐടിബിപി കാമ്പസ് മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐടിബിപി ക്യാമ്പില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 

 

പരിശോധനാഫലം പോസിറ്റീവ് ആയ ഉദ്യോഗസ്ഥരെ നിലവില്‍ കായംകുളം എല്‍മെക്‌സിലും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഐടിബിപിയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ണമായാല്‍ അധികം രോഗലക്ഷണമില്ലാത്തവരെ അവിടെയ്ക്കും മാറ്റും. 

 

പരിശോധനാഫലം നെഗറ്റീവായ ഉദ്യോഗസ്ഥരെ ചെറുപുഷ്പം ബഥനി സ്‌കൂള്‍ , ചത്തിയറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. കോവിഡ് ആശുപത്രികളില്‍ നിന്നും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിന്നും രോഗവിമുക്തരായി വിടുതല്‍ വാങ്ങുന്നവരെയും ഈ സ്‌കൂളുകളിലേക്കാണ് മാറ്റുക.

 

 

date