Skip to main content

തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

ജില്ലയുടെ തീരദേശ മേഖലയുൾപ്പെടുന്ന ചാവക്കാട് കൊടുങ്ങല്ലൂർ താലൂക്കുകളിലെ തീരദേശങ്ങളിൽ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങൾ കർശനമാക്കുമെന്നും വേണ്ടിവന്നാൽ അടച്ചിടൽ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി. കോവിഡ് 19 രോഗവ്യാപനമേറുന്ന സാഹചര്യത്തിൽ ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് താലൂക്കുകളിലേയും തീരദേശ മേഖലയിലെ പ്രവർത്തനങ്ങളും പ്രശ്‌നങ്ങളും യോഗം പ്രത്യേകം ചർച്ച ചെയ്തു. ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലായിരുന്നു യോഗം. യോഗതീരുമാനമനുസരിച്ച് ഇരു താലൂക്കുകളിലേയും തുറമുഖങ്ങളിലെ മത്സ്യംലേലം നിരോധിച്ചു.
മാർക്കറ്റുകളിൽ കൂട്ടംകൂടാനുള്ള സാഹചര്യങ്ങൾ ജനങ്ങൾ ഒഴിവാക്കണം. സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് മാസ്‌കും ഗ്ലാസും നിർബന്ധമാക്കും. അകലം പാലിക്കാതെ നടത്തുന്ന എല്ലാ കച്ചവടവും നിർത്തലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ജില്ലയുടെ അതിർത്തിയിൽ വാഹനങ്ങൾ വരുന്നതും പോകുന്നതും തടയും. അനധികൃത ലേലം നടത്തുന്ന വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിക്കും.
ചാവക്കാട് മാർക്കറ്റ്, അഴീക്കോട് ഫിഷിങ്ങ് ഹാർബർ, കോട്ടപ്പുറം മാർക്കറ്റ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. എല്ലാ ദിവസവും മാർക്കറ്റ് എന്നത് ചുരുക്കി ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എന്ന് നിജപ്പെടുത്തും. കച്ചവടക്കാർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവടം നടത്താനുള്ള സൗകര്യം ഒരുക്കും. സാധനങ്ങൾ എടുത്തു നോക്കി വാങ്ങുന്നത് ഒഴിവാക്കണം. ഭക്ഷ്യ സുരക്ഷ വകുപ്പ്, റാപ്പിഡ് റസ്‌പോൺസ് ടീം എന്നിവർ വാർഡ് തലത്തിൽ വഴിയോര വിൽപ്പന നടത്തുന്ന ഭക്ഷണ സുരക്ഷ ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ കടകൾ തുറക്കാൻ അനുവദിക്കില്ല. പോലീസ് പട്രോളിങ് ശക്തമാക്കും. കടൽക്ഷോഭം കാണാൻ വരുന്നവർക്ക് കനത്ത പിഴ ഏർപ്പെടുത്തി. അവരുടെ ലൈസൻസ് റദ്ദാക്കും. മൂന്ന്പീടിക, എടമുട്ടം, പടന്ന, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ അനധികൃത മത്സ്യവിൽപന അനുവദിക്കില്ല.
പ്രകൃതി ദുരന്തത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ഡിസാസ്റ്റർ മാനേജ്‌മെന്റ്കൾ നേരത്തെ തന്നെ പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാകണമെന്നും മന്ത്രി എ സി മൊയ്തീൻ നിർദേശം നൽകി. ചാവക്കാട് താലൂക്കിലെ കടപ്പുറം മുനക്കകടവ്, ചേറ്റുവ എന്നീ ഹാർബറുകളിൽ കടൽക്ഷോഭം തടയാൻ കുറവുള്ള ജിയോ ബാഗുകൾ അടിയന്തരമായി വിരിക്കും. കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ്, എസ്എൻപുരം എന്നിവിടങ്ങളിൽ കടൽവെളളം കയറാതിരിക്കാൻ ആവശ്യമായ ജിയോബാഗ് ലഭ്യമാക്കും. പുനർഗേഹം പദ്ധതി ദ്രുതഗതിയിലാക്കാൻ ഏകജാലകസംവിധാനം ഏർപ്പെടുത്തും. പുറത്ത് നിന്നുളള യാനങ്ങൾ അഴീക്കോട് ഹാർബറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപനത്തെ നേരിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാൻ ഫ്രണ്ടിന്റെ മൂന്നാംഘട്ടം ഉടൻതന്നെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
യോഗത്തിൽ ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ കെ വി അബ്ദുൾഖാദർ, ഗീത ഗോപി, മുരളി പെരുനെല്ലി, വി ആർ സുനിൽകുമാർ, ഇ ടി ടൈസൺമാസ്റ്റർ ജില്ലാ കളക്ടർ എസ് ഷാനവാസ്, മറ്റ് തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ
യോഗത്തിനുശേഷം മന്ത്രി എ സി മൊയ്തീൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജനപ്രതിനിധികൾ എന്നിവർ ചാവക്കാട് താലൂക്കിലെ കടൽക്ഷോഭമുളള അഞ്ചങ്ങാടി പ്രദേശം സന്ദർശിച്ചു.

date