കാര്‍ഷിക സമൃദ്ധിയില്‍ വിജയഗാഥ തീര്‍ത്ത് തില്ലങ്കേരി പഞ്ചായത്ത്
കൃഷിയും കാര്‍ഷിക മേഖലയിലെ വൈവിധ്യങ്ങളും തില്ലങ്കേരി പഞ്ചായത്തിന് പുതുമയുള്ള കാര്യമല്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയെ തിരിച്ച് പിടിക്കാനുതകുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് ചുക്കാന്‍ പിടിച്ചത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തരിശ് നിലങ്ങളിലും കൃഷിയിറക്കികൊണ്ടാണ് തില്ലങ്കേരി ഈ വിപ്ലവാത്മകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. 2019 ഡിസംബര്‍ 23 ന് തില്ലങ്കേരിയെ സംസ്ഥാനത്തെ അഞ്ചാമത്തെ 'സമ്പൂര്‍ണ തരിശ് രഹിത പഞ്ചായത്ത്' ആയി പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത് ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷി യോഗ്യമായ മുഴുവന്‍ ഭൂമിയിലും എല്ലാ സീസണിലും അനുയോജ്യമായ വ്യത്യസ്തങ്ങളായ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യണമെന്നതാണ്. അതിനായി വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 155.5 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സ്വയം സഹായ സംഘങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍, കുട്ടികള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടങ്ങളാണ് കാര്‍ഷിക മേഖലയില്‍ പഞ്ചായത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്. എല്ലാ വീടുകളിലും കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് അടുക്കളത്തോട്ടം നിര്‍മിക്കുകയും ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കാനും ഇതിലൂടെ സാധിച്ചു. കൂടാതെ ഹരിത കേരളം മിഷന്‍ മുന്നോട്ട് വെച്ച ഹരിത സമൃദ്ധി വാര്‍ഡ്- വിഷരഹിത ജൈവ പച്ചക്കറി കൃഷി പദ്ധതി എന്നിവ പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ വിജയകരമായി നടപ്പിലാക്കി.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ അടുത്ത കാലത്ത് 120 ഓളം ചെറുപ്പക്കാര്‍ കൃഷിയിലേക്കിറങ്ങിയത് പഞ്ചായത്ത് നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് പറയുന്നു. പഞ്ചായത്തിലെ 1030 പേരാണ് സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായത്. കൂടാതെ 850 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 8500 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നടീല്‍ വസ്തുക്കള്‍ ലഭ്യമാകാതെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനായി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ഞാറ്റുവേല ചന്തയില്‍ 5.5 ലക്ഷം രൂപയുടെ നടീല്‍ വസ്തുക്കളാണ് വില്പന നടത്തിയത്. നാല് ദിവസങ്ങളിലായി നടത്തിയ ഞാറ്റുവേല ചന്തയില്‍ നിന്ന് ആയിരത്തോളം കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കാന്‍ സാധിച്ചു. ലോക്ക് ഡൗണ്‍ മൂലം കെട്ടിക്കിടന്ന പ്രദേശത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച 1437 കിലോ കുമ്പളങ്ങ വിറ്റഴിക്കുന്നതിനായി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കുമ്പളങ്ങാ ചലഞ്ചും ശ്രദ്ധേയമായിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രധാന സ്ഥാപങ്ങളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍, വെറ്ററിനറി ഹോസ്പിറ്റല്‍ ജീവനക്കാര്‍, തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും, പ്രദേശത്തെ ആരാധനാലയങ്ങളും യുവജന സംഘടനകളും കൃഷി ചെയ്തുകൊണ്ട് സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായി.
ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൈമാറിയ മേഖലകളിലുണ്ടായ വികസന നേട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തന മാതൃകകള്‍ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് കിലയും ഹരിത കേരളം മിഷനും ഗുലാട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ വെബ്ബിനാറില്‍ പങ്കെടുക്കുവാനും പഞ്ചായത്തിന് അവസരം ലഭിച്ചിരുന്നു. പഞ്ചായത്ത് നടപ്പിലാക്കി വരുന്ന മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഫലമായാണിത്. കേരളത്തില്‍ നിന്നും അവസരം ലഭിച്ച നാല് പഞ്ചായത്തുകളില്‍ ഒന്നാണ് തില്ലങ്കേരി എന്നത് പഞ്ചായത്തിന്റെ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നു.
- Log in to post comments