സമ്പൂർണ്ണ ലോക്ക്ഡൗൺ അഴിയൂരിലെ തീരദേശത്ത് തീര ജാഗ്രത പരിശോധന നടത്തി
കണ്ടെയിൻമെന്റ് സോൺ ആയ അഴിയൂർ ഗ്രാമപഞ്ചായത്തിലെ തീരദേശങ്ങളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയ ഞായറാഴ്ച തീര ജാഗ്രതയുടെ ഭാഗമായി പ്രത്യേക പരിശോധന നടത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോവിഡ്19 ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ ചോമ്പാല പോലീസിൻ്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. സ്കൂട്ടർ, ഓട്ടോറിക്ഷ ,പിക്കപ്പ് വാഹനങ്ങളിൽ സഞ്ചരിച്ചവരെ തിരിച്ചയച്ചു. മാസ്ക് ധരിക്കാതെ കടൽതീരത്തെത്തിയ ഏഴ് പേർക്ക് താക്കീത് നൽകി. സൈക്കിളുമായി പുറത്തിറങ്ങിയ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് ബോധവൽക്കരിച്ചു. തുറന്നു കിടന്ന പെട്ടിക്കട അടപ്പിച്ചു. സ്കൂട്ടറിൽ ചെറിയ കുട്ടികളെയും കൂട്ടി യാത്ര ചെയ്ത ഒരു യാത്രക്കാരൻ്റെ പേര് വിവരം വാഹന നമ്പർ സഹിതം രേഖപ്പെടുത്തി കർശന താക്കീതും നൽകി. മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ പിന്തിരിപ്പിച്ചു. കടൽത്തീരത്ത് കളിച്ചിരുന്നവരെ ബോധവൽക്കരിച്ച് വീട്ടിലേക്ക് തിരിച്ചയച്ചു. മതിൽ നിർമാണം നടത്തുന്ന ഒരു വ്യക്തിയുടെ നിർമ്മാണം നിർത്തിവെപ്പിച്ച് തമിഴ് തൊഴിലാളികളെ മടക്കി അയച്ചു. ലൈസൻസില്ലാതെ സ്കൂട്ടർ ഓടിച്ചതിന് ഒരാൾക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. രാവിലെ പൂഴിത്തല കടപ്പുറത്തുനിന്ന് ആരംഭിച്ച് രണ്ട് സ്‌ക്വാഡ് ആയി തിരിഞ്ഞുള്ള പരിശോധനയിൽ തീരദേശത്തെ വീട്ടുകാർക്ക് ബോധവൽക്കരണവും നടത്തി.
സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, കെ.ദിപുരാജ്, കെ.പി.പ്രീജിത് കുമാർ, വി. പി. രാഹുൽ ശിവ, സി.കെ. സാജിദ്, സജേഷ് കുമാർ, സലീഷ് കുമാർ, ആർ.പി. റിയാസ്, എം.രതീഷ്, സന്നദ്ധ പ്രവർത്തകരായ ഷംസുദ്ദീൻ, സുബൈർ പാലക്കൂൽ എന്നിവർ നേതൃത്വം നൽകി.
- Log in to post comments